അഞ്ചുകോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി രണ്ടു മലയാളികളടക്കം നാലുപേര്‍ ജമ്മുവില്‍ പിടിയില്‍; പിടിച്ചെടുത്തത് മൂന്നുകിലോ ബ്രൗണ്‍ഷുഗറും നിരവധി മൊബൈല്‍ ഫോണുകളും

ജമ്മു: അഞ്ചുകോടി രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി രണ്ടു മലയാളികളടക്കം  നാലു പേര്‍ ജമ്മുകാശ്മീരില്‍ നിന്നും പിടിയിലായി. നവാഫ് ഖാന്‍, മുഹമ്മദ് അജ്മല്‍ റോഷന്‍ എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. ജമ്മുവിലെ രജൗരി ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാല്‍ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍. മൂന്നുകിലോയോളം മുന്തിയ  ബ്രൗണ്‍ഷുഗറാണ് പിടിച്ചെടുത്തത്. പിടിയിലായവരില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.  മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാല്‍ എന്നിവരില്‍ നിന്നും മയക്കുമരുന്ന് വാങ്ങുന്നതിനാണ് മലയാളികളായ നവാഫ് ഖാനും മുഹമ്മദ് അജ്മലും ജമ്മുകാശ്മീരില്‍  എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്നും ശേഖരിക്കുന്ന മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിക്കാനാണ് മലയാളികള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നും ജമ്മു സിറ്റി എസ്പി വിനോദ് കുമാര്‍ പറഞ്ഞു. കുവൈറ്റിലുള്ള ഒരു വ്യക്തിയുമായി സംസാരിച്ചപ്പോള്‍ ഖാന്‍, റോഷന്‍ എന്നിവര്‍ക്ക് സാധനം കൈമാറാനാണ് നിര്‍ദേശം ലഭിച്ചതെന്നും ജമ്മു നിവാസികളായ മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാല്‍ എന്നിവര്‍ പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹിയിലുള്ള വ്യക്തിക്ക് സാധനം കൈമാറാനാണ് ലഭിച്ച നിര്‍ദേശമെന്നാണ് മലയാളികളുടെ മൊഴി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പിന്തുടരുകയും ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്.

© 2024 Live Kerala News. All Rights Reserved.