രാവിലെ 9.30 ആരംഭിക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് രാവിലെ ഏഴിന് ഹാളില്‍ കയറണം; ഹാള്‍ ടിക്കറ്റിലെ സമയക്രമം പരീക്ഷാര്‍ഥികളെ ആശങ്കയിലാക്കുന്നു

തിരുവനന്തപുരം: ജൂലൈ പത്തിന് നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റം. രാവിലെ 9.30 ആരംഭിക്കുന്ന പരീക്ഷയ്ക്ക് രാവിലെ ഏഴിന് ഹാളില്‍ കയറണമെന്ന് ഹാള്‍ ടിക്കറ്റിലെ നിര്‍ദേശം. ഈ സമയക്രമം കണ്ടിട്ട് പരീക്ഷാര്‍ഥികള്‍ ആശങ്കയിലാണ്. ഒമ്പതിനു ശേഷം എത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നും ഹാള്‍ ടിക്കറ്റില്‍ പറയുന്നു. ഏഴു മുതല്‍ 9.30 വരെ ഹാളിനകത്തിരിക്കേണ്ട ആവശ്യമെന്താണെന്നാണ് പരീക്ഷാര്‍ഥികള്‍ ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ നെറ്റ് പരീക്ഷയ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം ഒമ്പതായിരുന്നു. ഇത്തവണ നേരത്തെയാക്കിയത് നിരവധി വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. രാവിലെ ഏഴിനു റിപ്പോര്‍ട്ട് ചെയ്യാന്‍ പാകത്തിന് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരുക എന്നതു തന്നെ ദൂരസ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് വലിയ വെല്ലുവിളിയാണ്. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ തലേന്നു തന്നെ ഹാളിനടുത്ത് താമസിക്കേണ്ടി വരും. പരീക്ഷാദിനം ഞായറാഴ്ച ആയതിനാല്‍ ബുദ്ധിമുട്ട് കൂടുകയും ചെയ്യും. സംശയനിവാരണത്തിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇമെയ്ല്‍ അയച്ചെങ്കിലും ഇതുവരെ പ്രതികരണമൊന്നുമുണ്ടായില്ല.
.

© 2024 Live Kerala News. All Rights Reserved.