അച്ഛനോടൊപ്പം ജയിലില്‍ താമസിച്ച് പഠിച്ച യുവാവിന് ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം; ഹോസ്റ്റലില്‍ താമസിക്കാനുള്ള പണമില്ലാത്തതു കൊണ്ടാണ് തുറന്ന ജയിലില്‍ താമസിച്ചത്

ജയ്പുര്‍: കൊലപാതകക്കുറ്റത്തിന് ജയിലിലായ അച്ഛനോടൊപ്പം കഴിഞ്ഞ യുവാവിന് എഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയിച്ചു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫൂല്‍ ചന്ദിന്റെ മകന്‍ പീയുഷ് ഗോയലാണ് വിജയം നേടിയത്. ദരിദ്രനായ ഫൂല്‍ ചന്ദ് ഗോയലിന്റെ മകന് ഹോസ്റ്റലില്‍ താമസിക്കാനുള്ള പണമില്ലാത്തതു കൊണ്ടു തുറന്ന ജയിലിലെ സെല്ലില്‍ അച്ഛനൊപ്പം കഴിഞ്ഞാണ് പഠിച്ചത്. 454 ാം റാങ്കാണ് പീയുഷ് നേടിയത്. മികച്ച ഐഐടികളിലൊന്നില്‍ പീയൂഷിന് പ്രവേശനം ലഭിക്കും.
രാജസ്ഥാനിലെ കോട്ടയിലെ ഓപ്പണ്‍ ജയിലില്‍ അച്ഛന്റെ സെല്ലിലെ പരിമിത സൗകര്യങ്ങളിലിരുന്നായിരുന്നു രണ്ടുവര്‍ഷമായി പിയൂഷ് ഗോയല്‍ എന്ന വിദ്യാര്‍ത്ഥിയുടെ പഠനം. ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ഫൂല്‍ ചന്ദ് 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി വൈകാതെ മോചിതനാകും. ഇതിന് മുന്നോടിയായാണ് തുറന്ന ജയിലിലേക്ക് മാറ്റിയത്. രണ്ടുവര്‍ഷമായി പീയുഷും ജയിലിലാണ് താമസം. ജയില്‍ അത്ര മോശം സ്ഥലമല്ലെന്നും പഠിക്കാന്‍ ഉദ്യോഗസ്ഥരടക്കം എല്ലാവരും സഹായിച്ചുവെന്നും പീയുഷ് പറയുന്നു. തുറന്ന ജയിലില്‍ കഴിയുന്നവര്‍ക്ക് പുറത്ത് ജോലിക്കുപോകാനുള്ള അനുമതിയുണ്ട്. ഫൂല്‍ ചന്ദ് ഒരു കടയിലാണ് ജോലി ചെയ്യുന്നത്. നിസ്സാര വരുമാനമേ ഇതില്‍നിന്നുള്ളൂ. മകനെ ഹോസ്റ്റലില്‍ അയയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോച്ചിങ് സെന്ററില്‍ ചേര്‍ത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.