ഫെയ്‌സ് ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ പ്രചരിച്ചു; മാതാപിതാക്കള്‍പോലും വിശ്വസിക്കാന്‍ തയ്യാറായില്ല; കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ: ഫെയ്‌സ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍പോലും വസ്തുത മനസ്സിലാക്കാത്തതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. സേലം സ്വദേശി വിനുപ്രിയ(21)യാണ് ആത്മഹത്യ ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പണ് വിനുപ്രിയയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. യുവതിയുടെ ഫോട്ടോകള്‍ വ്യാജമായി തയ്യാറാക്കി മറ്റൊരാള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ മാതാപിതാക്കള്‍ പോലും തന്നെ വിശ്വസിക്കുന്നില്ലെന്നും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് താന്‍ അത്തരത്തിലുള്ള ഫോട്ടോകളൊന്നും അയച്ചുകൊടുത്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

letter-suicide

അച്ഛനും അമ്മയും പോലും വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിന് ജീവിച്ചിരിക്കുന്നുവെന്ന് യുവതി കുറിപ്പില്‍ ചോദിക്കുന്നുണ്ട്. കെമിസ്ട്രി ബിരുദധാരിയാണ് വിനുപ്രിയ. നഗ്‌നഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യണമെന്നും പ്രതിയെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 23നാണ് മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. നഗ്‌നഫോട്ടോകള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവം തമിഴ്‌നാട്ടില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.