സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തോട് ജാതി അവഗണന; സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാനാവില്ലെന്ന് ഉയര്‍ന്ന ജാതിക്കാര്‍

ന്യൂഡല്‍ഹി: കശ്മീരിലെ പാംപോറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട താഴ്ന്ന ജാതിക്കാരനായ സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തോട് ജാതി വിവേചനം. സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാനാവില്ലെന്ന് ഉയര്‍ന്ന ജാതിക്കാര്‍. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ മരിച്ച കോണ്‍സ്റ്റബിള്‍ വീര്‍ സിങ്ങിന്റെ കുടുംബത്തിനാണ് യുപിയിലെ ഫിറോസാബാദില്‍ സ്ഥലം നിഷേധിച്ചത്.

പിന്നീട് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് സ്ഥലത്തെത്തി ഗ്രാമവാസികളുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയതിന് ശേഷമാണ് പൊതുസ്ഥലം നല്‍കാന്‍ തീരുമാനമായത്. വീര്‍ സിങ്ങിന്റെ അന്ത്യകര്‍മങ്ങള്‍ പൊതുസ്ഥലത്ത് നടത്തണമെന്നും അവിടെ സ്മാരകസ്തൂപം സ്ഥാപിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇതിനായി 100 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ചോദിച്ചത്. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ ഉന്നതജാതിക്കാര്‍ തയ്യാറായില്ല. വീര്‍ സിങ്ങിന്റെ കുടുംബം ഒരു ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. ദാരിദ്ര്യത്തോടും കഷ്ടപാടുകളോടും പടവെട്ടിയുള്ള ജീവിതത്തിനിടയിലും വീര്‍ സിങ് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി. മകള്‍ രജനി എംഎസ്‌സിക്കും മകന്‍ രമണ്‍ദീപ് ബിഎസ്‌സിക്കും പഠിക്കുന്നു. ഇളയമകന്‍ ഇപ്പോള്‍ പ്ലസ് ടു പാസായി. വീര്‍ സിങ്ങിന്റെ പിതാവ് രാംസ്‌നേഹ് സിങ് ഫിറോസാബാദില്‍ റിക്ഷാത്തൊഴിലാളിയാണ്.

© 2024 Live Kerala News. All Rights Reserved.