ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി; കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാങ്‌വാള്‍ രാജിവച്ചു; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാങ്‌വാള്‍ രാജിവച്ചു. ജനാധിപത്യ മഹളാ അസോസിയേഷന്‍ ഹരിയാനാ ഘടകം ജനറല്‍ സെക്രട്ടറിയാണ് സാങ്വാന്‍. കേന്ദ്രകമ്മിറ്റി യോഗം ബഹിഷ്‌ക്കരിച്ചാണ് രാജിപ്രഖ്യാപനം. രാജിക്ക് പിന്നാലെ ജഗ്മതിയെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസ് സഖ്യത്തോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയാണ് രാജി. കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാള്‍ ഘടകത്തിനെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതു രാഷ്ട്രീയ അടവുനയത്തിന്റെ ലംഘനം തന്നെയാണെന്ന് കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ അടവുനയവുമായി ഒത്തുപോകുന്ന സമീപനമല്ല ബംഗാളിലുണ്ടായതെന്നു തിരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ചേര്‍ന്ന പിബി വിലയിരുത്തിയിരുന്നു.

ജഗ്മതിയുടെ രാജയില്‍ പാര്‍ട്ടി ആലോചിച്ച് യുക്തമായി തീരുമാനമെടുക്കും. ബംഗാള്‍ ഘടകത്തിനെതിരെ നടപടിയുണ്ടോ എന്ന കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രഖ്യാപിക്കുകയെന്നും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.