മലാപ്പറമ്പിലെ ഉള്‍പ്പെടെ നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; സ്‌കൂള്‍ ഏറ്റെടുക്കുകയല്ല, ഇപ്പോള്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് ഹൈക്കോടതി വീണ്ടും; പ്രതിഷേധം ശക്തം

തിരുവനന്തപുരം/ കൊച്ചി: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ ഉള്‍പ്പെടെ നാല് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസം ഇല്ലെന്ന് നിയമസെക്രട്ടറി മന്ത്രിസഭയെ അറിയിച്ചു. നഷ്ടപരിഹാരം നല്‍കിയാവും സ്‌കൂളുകള്‍ ഏറ്റെടുക്കുക. ഇത്തരത്തില്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസ്സം ഇല്ലെന്നാണ് നിയമ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പൂട്ടല്‍ ഭീഷണി നേരിടുന്ന മറ്റ് മൂന്ന് സ്‌കൂളുകളും ഏറ്റെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എന്നിവയാണ് മറ്റ് മൂന്ന് സ്‌കൂളുകള്‍. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചില്ല. മലാപ്പറമ്പ് സ്‌കൂള്‍ ഇപ്പോള്‍ ഏറ്റെടുക്കുകയല്ല, അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്നും കോടതി അറിയിച്ചു. വിഷയം ഇന്ന് കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന കാര്യം അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് കോടതിയെ അറിയിച്ചു. നിയമസഭയുടെ അനുമതിയോടെ മാത്രമേ സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിന്റെ കാര്യമാണെന്നും സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഉത്തരവ് എന്തുകൊണ്ട്് നടപ്പാക്കിയില്ല എന്നാണ് കോടതി ചോദിച്ചത്. സ്‌കൂള്‍ പൂട്ടി നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവ് ഇതുവരെ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. വെള്ളിയാഴ്ചക്കകം ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.