വെബ് ഡെസ്‌ക്
ചരിത്രത്തിലാദ്യമായി ചൈനീസ് ശാസ്ത്രജ്ഞര്‍ മനുഷ്യ ഭ്രൂണത്തില്‍ ജനിതകമാറ്റം വരുത്തി. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ നശിക്കുന്ന തലാസീമിയ എന്ന ജനിതക രോഗത്തിനിടയാക്കുന്ന ജീനില്‍ മാറ്റം വരുത്തുകയായിരുന്നു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. പ്രോട്ടീന്‍ ആന്‍ഡ് സെല്‍ എന്ന വൈദ്യശാസ്ത്ര രംഗത്തെ ഓണ്‍ലൈന്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഗവേഷണത്തിന്റെ ധാര്‍മിക വശത്തെക്കുറിച്ച് ശാസ്ത്ര ലോകത്ത് ചൂടേറിയ ചര്‍ച്ചയും ആരംഭിച്ചുകഴിഞ്ഞു.
ഗ്വാങ്ഷൗവിലെ സണ്‍ യാറ്റ്‌സന്‍ യൂണിവേഴ്‌സിറ്റിയിലെ ജുഞ്ജിയു ഹുവാങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഭ്രൂണത്തില്‍ ജനിതകമാറ്റം വരുത്തിയത്. തകരാര്‍ മൂലം ജന്മമെടുക്കാന്‍ സാധ്യതയില്ലാത്ത ഭ്രൂണത്തിലാണ് പരീക്ഷണം നടത്തിയത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഒരു ഗര്‍ഭധാരണ ക്‌ളിനിക്കില്‍നിന്നാണ് ശാസ്ത്രജ്ഞര്‍ക്ക് ഈ ഭ്രൂണം ലഭിച്ചത്. ജീനില്‍ മാറ്റം വരുത്തുന്നതിനുള്ള ക്രിസ്പര്‍ (ക്‌ളസ്റ്റേര്‍ഡ് റെഗുലേര്‍ലി ഇന്റര്‍സ്‌പേസ്ഡ് ഷോര്‍ട് പാലിന്‍ഡ്രോമിക് റിപീറ്റ്‌സ്) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്ന ഗവേഷണം.
ശിശു ജനിക്കുന്നതിന് മുമ്പുതന്നെ ഗുരുതര ജനിതക രോഗങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നതിനാല്‍ ചൈനീസ് ഗവേഷകരുടെ നേട്ടം ശോഭനീയമായ ഭാവി വാഗ്ദാനം ചെയ്യുന്നതാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. എന്നാല്‍, ധാര്‍മികതയുടെ എല്ലാ അതിരും ലംഘിക്കുന്ന നടപടിയാണ് ഇതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ച് മൃഗങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമേ മനുഷ്യരില്‍ പരീക്ഷിക്കാന്‍ പാടുള്ളൂ എന്നും ഇവര്‍ വാദിക്കുന്നു.
ധാര്‍മികതയുടെ പേരില്‍ പ്രമുഖമായ പല ജേര്‍ണലുകളും ഗവേഷണ ഫലം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതത്തേുടര്‍ന്നാണ് ഏറെ അറിയപ്പെടാത്ത പ്രോട്ടീന്‍ ആന്‍ഡ് സെല്ലില്‍ പ്രസിദ്ധീകരിച്ചത്