പിതാവിനെ കൊലപ്പെടുത്തിയ യുവാവ് ഇന്ത്യയില്‍ താമസിച്ചത് മതിയായ രേഖകളുടെ അഭാവത്തില്‍; പാസ് പോര്‍ട്ട് കാലാവധി 2012ല്‍ അവസാനിച്ചു; യുഎസില്‍ തട്ടിപ്പുകേസിലും ഷെറിന്‍ പ്രതി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പ്രവാസി മലയാളി ജോയ് വി. ജോണിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ പലയിടത്തായ ഉപേക്ഷിച്ച സംഭവത്തില്‍ പിടിയിലായ മകന്‍ ഷെറിന്‍ മതിയായ രേഖകളില്ലാതെയാണ് ഇന്ത്യയില്‍ താമസിച്ചിരുന്നതെന്ന് കണ്ടെത്തി. മുമ്പ് ഒരു തട്ടിപ്പുകേസില്‍ ഇയാളെ യുഎസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫിസില്‍നിന്നു കോണ്‍സുലര്‍ പീറ്റര്‍ ജോണ്‍ തെയ്‌സ്, സ്വപ്ന ജോണ്‍ എന്നിവരെത്തി ഷെറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2012 ല്‍ അവസാനിച്ചിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ഷെറിന് ഇന്ത്യയില്‍ താമസിക്കാന്‍ ആവശ്യമായ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഇല്ലെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായി. ആദ്യം കണ്ടെടുത്ത തോക്ക് അമേരിക്കന്‍ നിര്‍മിത കളിത്തോക്കാണെന്നു പൊലീസ് പറഞ്ഞു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇനി കണ്ടെത്തേണ്ടതുണ്ട്. ഷെറിന്റെ മനസ്സു മാറ്റാനായി പുസ്തകങ്ങള്‍ നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകത്തിലൊന്നായിരുന്നു ജോയ് വി ജോണിന്റേത്.

© 2024 Live Kerala News. All Rights Reserved.