പിതാവിനെ യുവാവ് കൊലപ്പെടുത്തിയത് കടുത്ത അവഗണനമൂലമെന്ന് പൊലീസ്;കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി കണ്ടെത്തല്‍

ചെങ്ങന്നൂര്‍: പിതാവ് ജോയ് വി ജോണിനെ യുവാവ് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പൊലീസ്. കുട്ടിക്കാലം മുതലുള്ള കടുത്ത വേര്‍തിരിവിനെ തുടര്‍ന്നുണ്ടായ പ്രകോപനം മൂലമാണ് മകന്‍ ഷെറിന്‍ അച്ഛന്‍ ജോയിയെ വകവരുത്തിയതെന്നും പൊലീസ് അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജോയിയുടെ കൊലപാതകം ആസൂത്രിതമെന്ന് മകന്‍ ഷെറിന്‍ സമ്മതിച്ചത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചശേഷം ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചതായും പ്രതി പൊലീസിനോട് സമ്മതിച്ചു. കൈകാലുകള്‍ പമ്പയാറ്റിലും ഉടല്‍,തല തുടങ്ങിയ ഭാഗങ്ങള്‍ ചിങ്ങവനം, ചങ്ങനാശേരി എന്നിവിടങ്ങളിലുമാണ് ഉപേക്ഷിച്ചത്. പൊലീസ് നടത്തിയ തെരച്ചിലില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവ കണ്ടെടുക്കുകയും ചെയ്തു.
പ്രതി ഷെറിന് പുറമേ ജോയിയ്ക്ക് രണ്ടു മക്കള്‍ കൂടിയുണ്ട്. ചെറുപ്പം മുതല്‍ പിതാവ് തന്നോട് കടുത്ത വേര്‍തിരിവ് കാട്ടിയിരുന്നതായി ഷെറിന്‍ പൊലീസിന് മൊഴി നല്‍കി. ചെറിയ കുറ്റങ്ങള്‍ക്കുപോലും കടുത്ത ശിക്ഷ നല്‍കി. ബിസിനസ് കാര്യങ്ങളിലോ പണമിടപാടികളിലോ സഹകരിപ്പിച്ചിരുന്നുമില്ല. ഒടുവില്‍ തന്റെ സമ്പാദ്യത്തിന്റെ ഒരുഭാഗം പോലും നല്‍കില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഇതോടെ പിതാവിനെ വകവരുത്താന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഷെറിന്‍ സമ്മതിച്ചതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി.അശോക് കുമാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.