പച്ചക്കറിക്ക് പൊള്ളുന്ന വില; 30 ശതമാനം വിലവര്‍ധന; ജൈവപച്ചക്കറികളുടെ വരവ് നിലച്ചു; ഉപഭോക്താവിന് ഇരുട്ടടി

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്ക് വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് വില കുത്തനെ ഉയര്‍ന്നത്. കൊടും വരള്‍ച്ചയില്‍ ഉണ്ടായ വിളനാശത്തെ തുടര്‍ന്ന് 20 മുതല്‍ 30 ശതമാനം വരെ വിലക്കയറ്റമാണ് പച്ചക്കറിയില്‍ ഉണ്ടായിരിക്കുന്നത്. ആഭ്യന്തരവിപണിയില്‍ നിന്നുള്ള ജൈവ പച്ചക്കറികളുടെ വരവ് നിലച്ചു. മലയാളിയുടെ ഭക്ഷണശീലത്തിലെ അവിഭാജ്യ ഇനങ്ങളായ നേന്ത്രപ്പഴം, തക്കാളി, നാടന്‍ പയര്‍, വെണ്ടയ്ക്ക എന്നിവയുടെ വിലയാണ് റോക്കറ്റ് പോലെ കുതിക്കുന്നത്. രണ്ട് മാസം മുന്‍പ് കിലോയ്ക്ക് 21.63 രൂപ വിറ്റ തക്കാളിക്ക് മൊത്തവ്യാപാരവിപണിയിലെ ഇന്നലത്തെ വില 49.83. കിലോയ്ക്ക് 41 രൂപയുണ്ടായിരുന്ന നേന്ത്രപഴത്തിന് ഇപ്പോള്‍ 55 രൂപ. ഏപ്രില്‍ മാസത്തില്‍ 24 രൂപയ്ക്കു ലഭിച്ച വെണ്ടയ്ക്കയുടെ ഇപ്പോഴത്തെ വില 43 രൂപ. ബീന്‍സിന്റെ വില 95 രൂപയിലെത്തിയിരിക്കുന്നു. കാരറ്റ്, വഴുതന എന്നിവയുടെ കൂടിയ വില ഇപ്പോള്‍ ചെറുതായി കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. മഴ തുടങ്ങിയ സാഹചര്യത്തില്‍ വില താഴേക്കു വരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ആഭ്യന്തരവിപണിയില്‍ നിന്നുള്ള നാടന്‍ ഉത്പന്നങ്ങളുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുപോലെത്തന്നെ അരിയുടെ വില മൂന്ന് രൂപയോളമാണ് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൂടിയത്. ഒരു കിലോ ശര്‍ക്കരയ്ക്ക് 47 രൂപയായിരുന്നത് ഒറ്റയടിക്ക് 55 രൂപയായി.

© 2024 Live Kerala News. All Rights Reserved.