പലയിടത്തും ജെഡിയുവിനെ കാലുവാരി തോല്‍പ്പിച്ചത് കോണ്‍ഗ്രസ്; വടകരയില്‍ ലീഗും കോണ്‍ഗ്രസും വോട്ട് മറിച്ചു; ജെഡിയുവില്‍ ശുദ്ധീകരണം തുടങ്ങി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പലയിടത്തും ജനാതാദളി(യു)നെ തോല്‍പിച്ചത് കോണ്‍ഗ്രസാണെന്ന് ആക്ഷേപം. ജെഡിയു സംസ്ഥാന ഭാരവാഹിയോഗത്തില്‍ ജെഡി(യു) നേതാവായ ഷേഖ് പി.ഹാരിസാണ് കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ചത്. അമ്പലപ്പുഴയില്‍ ഡിസിസി പ്രസിഡന്റ് കാലുവാരി. പല മണ്ഡലങ്ങളിലും ജെഡിയുവിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസാണ്. വടകരയില്‍ ലീഗും കോണ്‍ഗ്രസും ആര്‍എംപിക്ക് വോട്ടുമറിച്ചു. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷേഖ് പി. ഹാരിസ് സിപിഎമ്മിന്റെ ജി. സുധാകരനോട് 22,621 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ജെഡിയു മല്‍സരിച്ചിരുന്ന ഏഴു സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ എം.പി.വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ്‌കുമാര്‍ അടക്കമുള്ള നേതാക്കളാണ് കനത്ത തോല്‍വി നേരിട്ടത്. കല്‍പറ്റ മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്നും മുസ്ലീംലീഗില്‍ വ്യാപകമായ എല്‍ഡിഎഫ് സ്ഥനാര്‍ഥിയ്ക്ക് വോട്ടൊഴുകി. യുഡിഎഫ് കോട്ടയെന്നറിയപ്പെടുന്ന കല്‍പറ്റ നഷ്ടപ്പെട്ടത് അതുകൊണ്ടാണെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചു. ടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മനയത്ത് ചന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സി.കെ.നാണുവിനോട് 9,511 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. കൂടുതല്‍ പേരുടെ തലയുരുളുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.