ഇന്ത്യയ്ക്ക് സുരക്ഷഭീഷണി ഉയര്‍ത്തി ചൈന; മാലെദ്വീപ സമൂഹത്തിലെ 30 ദ്വീപുകള്‍ ചൈന സ്വന്തമാക്കി

തിരുവനന്തപുരം: ഇന്‍ഡ്യയുടെ അയല്‍രാജ്യമായ മാലിയിലെ മുപ്പതോളം ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപുകള്‍ ചൈന സ്വന്തമാക്കി. പാട്ട വ്യവസ്ഥയില്‍ ചൈനീസ് വ്യവസായികളാണ് മാലി സര്‍ക്കാറില്‍ നിന്ന് ദ്വീപുകള്‍ കരസ്ഥമാക്കിയത്.

ഇന്‍ഡ്യയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയായേക്കാവുന്ന ഈ അധിനിവേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യയ്ക്ക് അനുകൂലമായ സര്‍ക്കാര്‍ അവിടെ നിലവില്‍ വന്നത് ചൈനയെ ചൊടിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഇന്‍ഡ്യയ്ക്ക് തലവേദനയുണ്ടാക്കാനാണ് ചൈന മാലിയെ ലക്ഷ്യമിട്ടത്.
അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാല്‍ഡിവീസ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്. ഇവയില്‍ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ചൈന സ്വന്തമാക്കിയ ദ്വീപുകളില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്ന് 50 മിനിട്ട് വിമാനയാത്ര ചെയ്താല്‍ മാലിദ്വീപിലെത്താം. അതിനാല്‍ അറേബ്യന്‍ സമുദ്രത്തിലെ ചൈനീസ് സാന്നിദ്ധ്യം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, കല്‍പ്പാക്കം, കൂടങ്കുളം, കൊച്ചി കപ്പല്‍ നിര്‍മാണശാല തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വന്‍ഭീഷണി ആയേക്കാമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മാലിദ്വീപിലേക്കുള്ള ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ ചൈനീസ് സര്‍ക്കാര്‍ അവിടത്തെ പെണ്‍കുട്ടികളെ മാലിദ്വീപ് സ്വദേശികളെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

മാലിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുള്ള യമീന്‍ 30 വര്‍ഷം ആ രാജ്യം ഭരിച്ച മുന്‍പ്രസിഡന്റ് ഗയൂമിന്റെ അര്‍ധസഹോദരനാണ്. ചൈനയെ അനുകൂലിക്കുന്ന നയമാണ് അബ്ദുള്ള യമീന്‍ സ്വീകരിച്ചുവരുന്നത്. മറുവശത്ത് ഇന്‍ഡ്യക്കെതിരെ പൊരുതാന്‍ പാകിസ്ഥാനും വന്‍തോതില്‍ മാലിദ്വീപിലെ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മുസ്ലിം രാജ്യമായ മാലിദ്വീപില്‍ പാകിസ്ഥാന്‍ ഇതിനകം തന്നെ വേരുറപ്പിച്ചുകഴിഞ്ഞു. അബ്ദുള്ള യമീന് മുന്‍പ് മാലി ഭരിച്ചിരുന്ന പ്രസിഡന്റ് മുഹമ്മദ് നഷീദ് ഒരു മതേതരവാദിയായിരുന്നു. ഇത് അവിടത്തെ മുസ്ലിം മതമൗലികവാദികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ അവസരം പരമാവധി മുതലെടുക്കാനാണ് ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നത്.
ചൈനയ്ക്കും ഇന്‍ഡ്യയ്ക്കും ഒരുപോലെ താത്പര്യമുള്ള തന്ത്രപ്രധാനമായ സ്ഥലത്താണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ മാലിയിലെ ഒരു ദ്വീപില്‍ സൈനികത്താവളം നിര്‍മിക്കാന്‍ അമേരിക്കയും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ചൈന ഇതിന് എതിരാണ്. ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ ഡീഗോഗാര്‍ഷ്യ ദ്വീപില്‍ ഇപ്പോള്‍ത്തന്നെ അമേരിക്കയുടെ ഒരു സൈനികത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഈ മേഖലയില്‍ മറ്റൊരു അമേരിക്കന്‍ കടന്നുകയറ്റം ചൈന ആഗ്രഹിക്കുന്നില്ല. മാത്രമല്ല ചെറിയൊരു രാജ്യമായ മാലിയില്‍ ചൈന പൂര്‍ണതോതിലുള്ള ഒരു എംബസിയും തുറന്നുകഴിഞ്ഞു. അതുപോലെ മാലിക്ക് പുറമെ ഇന്‍ഡ്യയുമായി സാമീപ്യമുള്ള ശ്രീലങ്ക, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ അടിസ്ഥാനവികസനത്തിനുള്ള പദ്ധതികള്‍ക്കായി ചൈന കോടിക്കണക്കിന് ഡോളറാണ് വിനിയോഗിക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നയതന്ത്രപരമായി ഇന്‍ഡ്യയ്ക്കുണ്ടായ വീഴ്ചയാണ് ശ്രീലങ്കയില്‍ ചൈനയും പാകിസ്ഥാനും മുതലെടുക്കുന്നത്. മുന്‍ രാജപക്‌സേ സര്‍ക്കാര്‍ ചൈനയോട് അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സിരിസേനയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ചൈനയെ പല പദ്ധതികളില്‍ നിന്നും ഒഴിവാക്കുകയാണ്. ഇതിനുള്ള പ്രതികാരം ഇന്‍ഡ്യയോട് വീട്ടാനാണ് മാലിദ്വീപ് വഴി ചൈന ശ്രമിക്കുന്നത്. ദ്വീപുകള്‍ സ്വന്തമാക്കാനും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ചൈനയാണ് സാമ്പത്തികസഹായം നല്‍കുന്നത്

© 2024 Live Kerala News. All Rights Reserved.