തായ്‌ലന്‍ഡില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു; പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായി; മരിച്ചത് അഞ്ചിനും 12 വയസിനുമിടെ പ്രായമുള്ള കുട്ടികള്‍

ബാങ്കോക്ക്: ഉത്തര തായ്‌ലന്‍ഡില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായി. ഉത്തര തായ്‌ലന്‍ഡിലെ ചിയാങ് റായ് മേഖലയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ ഞായറാഴ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. അഞ്ചിനും 12 വയസിനുമിടെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗോത്രവര്‍ഗക്കാരായ കുട്ടികള്‍കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനായി സ്ഥാപിച്ച ക്രിസ്ത്യന്‍ സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. സംഭവസമയത്ത് 38 ഓളം കുട്ടികള്‍ കെട്ടിട്ടത്തിനുള്ളില്‍ ഉറങ്ങുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞ് രക്ഷകര്‍ത്താക്കളെല്ലാം സ്‌കൂളിലെത്തി. എന്നാല്‍ മൃതദേഹങ്ങളൊന്നും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി.

© 2024 Live Kerala News. All Rights Reserved.