വോട്ടുവിഹിതത്തിലും സഭാംഗത്വത്തിലും കുറവ്; സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടമായേക്കും; നിബന്ധനകളില്‍ ഇളവ് ലഭിച്ചാല്‍ മാത്രം പദവി

ന്യൂഡല്‍ഹി: വോട്ടുവിഹിതത്തിലും സഭാംഗത്വത്തിലും കുറവ് വന്നതാണ് സിപിഎം ദേശീയ പാര്‍ട്ടിയെന്ന പദവിയ്ക്ക് ഭീഷണിയുയര്‍ത്തുന്നത്. തമിഴനാട്ടില്‍ പാര്‍ട്ടിയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കാതെ പോയത് സിപിഎമ്മിന് തിരിച്ചടിയായി. സീറ്റൊന്നും ലഭിക്കാതെ വന്നതോടെ സിപിഎമ്മിന് തമിഴ്നാട്ടിലെ സംസ്ഥാന പാര്‍ട്ടി പദവി നഷ്ടമാകും. ഏഴ് സീറ്റുകളെങ്കിലും വേണമെന്നതാണ് തമിഴ്നാട്ടില്‍ സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കാനുള്ള യോഗ്യത. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി എന്ന നിബന്ധനയിലാണ് സിപിഎം ഇപ്പോള്‍ ദേശീയ പാര്‍ട്ടി ആയിരിക്കുന്നത്. തമിഴ്നാട്ടില്‍ പദവി നഷ്ടമായാല്‍ സംസ്ഥാന പാര്‍ട്ടി പദവി കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ മാത്രമായൊതുങ്ങും. ഇതുകൂടാതെ, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് 11 സീറ്റ് (രണ്ട് ശതമാനം), നാലു സംസ്ഥാനങ്ങളില്‍ ലോക്സഭ അല്ലെങ്കില്‍ നിയസഭയില്‍ ആറു ശതമാനം വോട്ടുവിഹിതം എന്നീ നിബന്ധനകളില്‍ ഏതെങ്കിലുമൊന്ന് പൂര്‍ത്തിയാക്കുക എന്നതാണ് ദേശീയ പാര്‍ട്ടിയാകാനുള്ള മാനദണ്ഡം. ലോക്സഭയില്‍ 9 അംഗങ്ങള്‍ മാത്രമാണ് സിപിഎമ്മിനുള്ളത്. കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ മാത്രം ആറ് ശതമാനമോ അതില്‍ കൂടുതലോ വോട്ടുവിഹിതമുള്ള പാര്‍ട്ടിയ്ക്ക് അടുത്ത നിബന്ധനയും പാലിക്കാനാവില്ല. സിപിഎമ്മിന് പദവി നഷ്ടമായാല്‍ പിന്നീട് ദേശീയ പാര്‍ട്ടി പദവിയുള്ളത് ബിജെപിയ്ക്കും കോണ്‍ഗ്രസിനും മാത്രമാകും.

2014 ലോക്സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സിപിഐ, ബിഎസ്പി, എന്‍സിപി പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാതിരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിബന്ധനകളില്‍ ഇളവ് വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു. നിബന്ധനകളില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ സിപിഎമ്മും ഈ കടമ്പ ഇനി കടക്കുകയുള്ളു

© 2024 Live Kerala News. All Rights Reserved.