കാസര്‍കോട്: തൃക്കരിപ്പൂരില്‍ സിപിഎം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.നാലു പേര്‍ക്ക് പരുക്ക്.വീടുകള്‍ ആക്രമിക്കുകയും ഓട്ടോറിക്ഷ കത്തിക്കുകയും കാറിന്റെ ചില്ല് തര്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബേഡകത്ത് സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക നിലയവും ബസ് കാത്തിരിപ്പു കേന്ദ്രവും അക്രമിസംഘം തകര്‍ത്തിട്ടുണ്ട്. കൂടാതെ, ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് സുരക്ഷക്കെത്തിയ എട്ട് കമ്പനി ദ്രുതകര്‍മസേനയില്‍ നിന്ന് രണ്ട് കമ്പനിയെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എസ്.പി മുന്നറിയിപ്പ് നല്‍കി.