ചെഗുവേരയുടെ ചിത്രം വരച്ച പ്ലസ് ടു വിദ്യാര്‍ഥിനിക്ക് എബിവിപി-ബിജെപി പ്രവര്‍ത്തകരുടെ അവഹേളം; സഹപാഠിക്ക് ക്രൂരമര്‍ദനം

കൊടുങ്ങല്ലൂര്‍: ചെഗുവേരയുടെ ചിത്രം വരച്ച പ്ലസ് ടു വിദ്യാര്‍ഥിനിക്ക് എബിവിപി-ബിജെപി സംഘത്തിന്റെ അവഹേളനം. തടയാന്‍ ശ്രമിച്ച സഹപാഠിക്ക് എബിവിപി-ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. പനങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ സുമിത്തിനാണ് മര്‍ദനമേറ്റത്.  സുമിത്തിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊടുങ്ങല്ലൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യവേദി നടത്തിയ ശില്‍പ്പശാലയ്ക്കിടെയാണ് സംഭവമുണ്ടായത്. എടവിലങ്ങ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ശില്‍പ്പശാലയില്‍ ആര്‍ട്ടിസ്റ്റ് വത്സന്‍ അക്കാദമിയിലെ 15 വിദ്യാര്‍ഥികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ കൊടുങ്ങല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ജിത വരച്ച ചെഗുവേരയുടെ ചിത്രവും ഉണ്ടായിരുന്നു.

പ്രദര്‍ശനത്തിനെത്തിയ ഒരുസംഘം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ചെഗുവേരക്ക് പകരം മോഡിയോ, താമരയോ വരച്ചാല്‍ മതിയായിരുന്നില്ലേ എന്ന് ചോദിക്കുകയും, ചിത്രത്തിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുകയും, എതിര്‍പ്പുകള്‍ ഉയര്‍ത്തുകയും ചെയ്തു. ഇതോടെ സംഘാടകര്‍ ഇടപെട്ട് ചെഗുവേരയുടെ ചിത്രം മാറ്റി. ഇന്നലെ അഞ്ജിതയും, സുമിത്തും മറ്റൊരു വിദ്യാര്‍ഥിയും കൂടീ പുറത്തേക്ക് പോകുന്നേരം ചിത്രപ്രദര്‍ശനത്തെ എതിര്‍ത്ത സംഘവും,മറ്റുചിലരും പുറത്തുണ്ടായിരുന്നു. ഇവര്‍ ചെഗുവേര ചിത്രത്തിന്റെ പേരില്‍ അഞ്ജിതയെ ആക്ഷേപിച്ചപ്പോള്‍ സുമിത്ത് അവരെ വിലക്കി.

തുടര്‍ന്ന് ഇവര്‍ സുമിത്തിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ബഹളംകേട്ട് അധ്യാപകര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് സ്‌കൂള്‍ അധികൃതര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയും കൊടുങ്ങല്ലൂര്‍ സിഐ ആശുപത്രിയിലെത്തി സുമിത്തിനെ സന്ദര്‍ശിക്കുകയും ചെയ്തു

© 2024 Live Kerala News. All Rights Reserved.