കുവൈത്ത് സിറ്റി: പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ ജാസിം ഖറാഫിയുടെ നിര്യാണത്തിലൂടെ വലിയ രാജ്യസേവകനെയാണ് നഷ്ടമായതെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജാസിം ഖറാഫി മികച്ച പാര്‍ലമെന്‍േററിയനായിരുന്നു. പാര്‍ലമെന്റില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. തന്റെ ജീവിതകാലത്ത് രാജ്യത്തിനുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നെന്നും സ്മരിക്കുന്നതാണ്. അറബ് ലോകത്തും മറ്റ് ലോകരാഷ്ട്രങ്ങളിലും അദ്ദേഹം കാഴ്ചവെച്ച സേവനങ്ങള്‍ പ്രശംസനീയമാണെന്നും അമീര്‍ പറഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ ജാസിം ഖറാഫി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്റെ ജീവിതം മുഴുവനും രാജ്യ സേവനത്തിനുവേണ്ടി മാറ്റിവെച്ച നേതാവാണ് ജാസിം ഖറാഫിയെന്ന് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് പറഞ്ഞു. വിനയവും സത്യസന്ധതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്നും രാജ്യത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രി അനുസ്മരിച്ചു. നിരവധി രാഷ്ട്രനേതാക്കളും സാമൂഹികസാംസ്‌കാരിക മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. സംസ്‌കാരച്ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു