വാഷിംഗ്ടണ്‍: പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകവേ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സാറ ഇലെറും ഭര്‍ത്താവ് മാറ്റ് റൈഡറും ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാര്‍ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. പൊലീസ് എത്തി സാറയേയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുന്‍പ് സാറ മരണമടഞ്ഞു.
അമ്മയെ നഷ്ടപ്പെട്ടുവെങ്കിലും കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്ന് ഉറച്ച് ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സിസേറിയന് വിധേയമാക്കുകയും കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. പെണ്‍കുഞ്ഞാണ് സാറയ്ക്ക് ജനിച്ചത്. കുട്ടിയ്ക്ക് മാഡിസണ്‍ എന്ന പേരിട്ടതായും വെന്റിലേറ്ററിലേക്ക് മാറ്റിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. വെള്ളിയാഴ്ച കുട്ടിക്ക് ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോകാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.