തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇടത്തോട്ട് ചായുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. യുഡിഎഫിലെ കെഎം മാണി അടക്കം അഞ്ചുമന്ത്രിമാര്‍ തോല്‍ക്കുമെന്നും പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിച്ച പിസി ജോര്‍ജ് വിജയിക്കും. ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നു. ഇന്ത്യാ ടിവി, ടൈംസ് നൗ സീ വോട്ടര്‍, ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ തുടങ്ങിയ ഏജന്‍സികളെല്ലാം നടത്തിയ എക്‌സിറ്റ് പോളില്‍ ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പറയുന്നു.
കേരളത്തില്‍ ഇടതു തരംഗമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നത്. ഇവരുടെ സര്‍വെ അനുസരിച്ച് ഇടതു മുന്നണി 88 മുതല്‍ 101 സീറ്റു വരെ നേടിയേക്കുമെന്നാണ് പ്രവചനം. ശക്തമായ ഭരണവിരുദ്ധ തരംഗം നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയ സര്‍വേയില്‍ യു.ഡി. എഫില്‍ 38 മുതല്‍ 48 വരെ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും സര്‍വെ തള്ളിക്കളയുന്നില്ല. ബി.ജെ.പി.ക്ക് മൂന്ന് സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് കണ്ടെത്തല്‍. മറ്റുള്ളവര്‍ ഒന്ന് മുതല്‍ നാലു വരെ സീറ്റ് വരെ നേടിയേക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. 43 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് നേടും. യുഡിഎഫിന് 35 ശതമാനവും ബിജെപിയ്ക്കും മറ്റുള്ളവര്‍ക്കും 11 ശതമാനം വീതവും വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വെ പറയുന്നു. ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യന്‍ മെയ് നാല് മുതല്‍ ഇന്നു വരെ നടത്തിയ 33 സര്‍വെകള്‍ അടിസ്ഥാനമാക്കിയാണ് പ്രവചനം. മൊത്തം 16449 പേരെ സര്‍വെ നടത്തി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപ്രീതി വിഎസ് അച്യുതാനന്ദനെന്നും ഇന്ത്യാ ടുഡേ സര്‍വെ. 35 ശതമാനം പേര്‍ വിഎസിനെ പിന്തുണയ്ക്കുമ്പോള്‍ 34 ശതമാനം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായം രേഖപ്പെടുത്തി. ടൈംസ് നൗ സീ വോട്ടര്‍ എക്‌സിസ്റ്റ് ഫലങ്ങള്‍ പ്രകാരം 74 മുതല്‍ 82 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടും. 54 മുതല്‍ 62 സീറ്റുകളാണ് യുഡിഎഫിന് ലഭിക്കുക. ബിജെപിക്ക് രണ്ടും മറ്റുള്ളവര്‍ക്കും രണ്ട് സീറ്റുകല്‍ വീതം ലഭിക്കും. കേരളത്തില്‍ മാണിയടക്കം അഞ്ചു മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പോള്‍ ഫലത്തില്‍ പറയുന്നു. കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, കോഴിക്കോട് സൗത്തില്‍ എംകെ മുനീര്‍, പാലായില്‍ കെഎം മാണി, തൃപ്പൂണിത്തുറയില്‍ ബാബു, കൂത്തുപറമ്പില്‍ കെപി മോഹനന്‍ എന്നിവര്‍ തോല്‍ക്കുമെന്നും പ്രവചിക്കുന്നു.