തിരുവനന്തപുരം: കേരളം നാളെ പോളിംഗ്ബൂത്തിലേക്ക് നീങ്ങും. ഇന്നു നിശബ്ദ പ്രചാരണ ദിനം. ഇന്നു രാവിലെ മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ഏഴ് മണിക്കാണ് വോട്ടിംഗ് ആരംഭിക്കുക. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേ അപേക്ഷിച്ച് 28.71 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ കേരളത്തില്‍ ഉള്ളത്. വീടുകള്‍ കയറി സ്ലിപ്പുകള്‍ കൊടുക്കലും വോട്ടിങ് മെഷിനില്‍ വോട്ട് ചെയ്യേണ്ട രീതി പരിചയപ്പെടുത്തിക്കൊടുക്കലുമായി പാര്‍ട്ടി പ്രവര്‍ത്തകരും സജീവമാണ്. മുപ്പതോളം മണ്ഡലങ്ങളില്‍ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി കേന്ദ്രസേന ഉള്‍പ്പെടെ 52,000 പുരുഷ – വനിതാ പൊലീസുകാരെ സംസ്ഥാനത്തു വിന്യസിച്ചു കഴിഞ്ഞു. ഇതോടൊപ്പം രണ്ടായിരത്തില്‍പരം എക്‌സൈസ് – ഫോറസ്റ്റ് ജീവനക്കാരെയും 2027 ഹോം ഗാര്‍ഡുകളെയും ക്രമസമാധാന പാലനത്തിനു വിന്യസിക്കും. തിരഞ്ഞെടുപ്പു സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനോ അക്രമങ്ങള്‍ നടത്താനോ ശ്രമമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. കൊട്ടിക്കലാശം ശാന്തമായി അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പുകഴിയും വരെയും കനത്ത ജാഗ്രതയിലാണ് ജില്ലകള്‍. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത് കണ്ണൂരാണ്. താരപോരാട്ടങ്ങളുള്ള മണ്ഡലങ്ങളിലേക്കും രാഷ്ട്രീയ കേരളം ഉറ്റുനേക്കുന്നുണ്ട്.