കേരളത്തില്‍ 81-89 സീറ്റുകള്‍ എല്‍ഡിഎഫ് നേടും; യുഡിഎഫിന് 51-59 സീറ്റുകള്‍ ലഭിക്കും; എന്‍ഡിഎ പരമാവധി മൂന്ന് സീറ്റുകള്‍ നേടുമെന്നും പീപ്പിള്‍ ടിവി-സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് സര്‍വേ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 81 മുതല്‍ 89 സീറ്റ് വരെ ഇടതുപക്ഷം നേടുമെന്നും യുഡിഎഫിന് 51 മുതല്‍ 59 സീറ്റ് കിട്ടാമെന്നും സര്‍വേ സൂചന നല്‍കുന്നു. പൂജ്യം മുതല്‍ മൂന്നു സീറ്റ് വരെയാണ് എന്‍ഡിഎയ്ക്കു സാധ്യതയുള്ളത്. പീപ്പിള്‍ ടിവി-സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് ഇങ്ങനെ പറയുന്നത്. മലബാറിലെ അറുപതു സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാകും. 37 മുതല്‍ 40 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫിന് 20 മുതല്‍ 23 വരെ സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിക്കാതിരിക്കുകയോ ഒരു സീറ്റ് ലഭിക്കുകയോ ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലബാറില്‍ എല്‍ഡിഎഫിന് 28 സീറ്റാണുണ്ടായിരുന്നത്. 32 സീറ്റ് യുഡിഎഫ് നേടിയിരുന്നു. എന്‍ഡിഎക്കു സീറ്റ് ലഭിക്കുകയാണെങ്കില്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കും്.

മധ്യകേരളത്തില്‍ 41 സീറ്റില്‍ 18 മുതല്‍ 21 വരെ സീറ്റാണ് എല്‍ഡിഎഫിന് കിട്ടാന്‍ സാധ്യതയുള്ളത്. യുഡിഎഫിന് ഇരുപതു മുതല്‍ ഇരുപത്തിമൂന്നു വരെ കിട്ടാം. എന്‍ഡിഎയ്ക്ക് ഒരു സീറ്റിലും സാധ്യതയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 സീറ്റാണ് എല്‍ഡിഎഫിനുള്ളത്. 26 എണ്ണം യുഡിഎഫിനായിരുന്നു. തെക്കന്‍ കേരളത്തിലെ 39 സീറ്റുകളില്‍ 25 മുതല്‍ 27 വരെ സീറ്റുകളില്‍ ഇടതുപക്ഷം ജയിക്കുമെന്നും സര്‍വേ സൂചന നല്‍കുന്നു. യുഡിഎഫിന് 12 മുതല്‍ 14 സീറ്റുകള്‍ വരെയായിരിക്കും ലഭിക്കാന്‍ സാധ്യത. ബിജെപിക്ക് പൂജ്യം മുതല്‍ രണ്ടു വരെ സീറ്റ് കിട്ടിയേക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 25 സീറ്റും യുഡിഎഫിന് 14 സീറ്റുമായിരുന്നു ലഭിച്ചത്. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 42.7 ശതമാനം ലഭിക്കും. യുഡിഎഫിന് 37.1 ശതമാനം വോട്ടിനാണ് സാധ്യതയുള്ളത്. എന്‍ഡിഎ 18.3 ശതമാനം വോട്ടുവരെ നേടിയേക്കാം. മറ്റുള്ളവര്‍ക്കെല്ലാം കൂടി 1.9 ശതമാനം വോട്ട് കിട്ടിയേക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 45.84 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. യുഡിഎഫിന് 46.03 ശതമാനവും ബിജെപിക്ക് 6.06 ശതമാനം വോട്ടുമായിരിക്കും വിഹിതമായി ലഭിച്ചേക്കുകയെന്നും സര്‍വേയില്‍ പറയുന്നു

© 2024 Live Kerala News. All Rights Reserved.