കേരളം ഇടത്തോട്ട് തന്നെ; ബിജെപി അക്കൗണ്ട് തുറക്കും; തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ; ബംഗാളില്‍ തൃണമൂല്‍തന്നെ; അസമില്‍ കേവല ഭൂരിപക്ഷമുണ്ടാകില്ല; ടൈംസ് ന്യൂസ്-സീ വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ടൈംസ് നൗവും സീ വോട്ടറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം കേരളത്തില്‍ ഇത്തവണ ഇടതുപക്ഷം അധികാരത്തില്‍ വരും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ഒരു സീറ്റുമായി ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ ഫലം പറയുന്നു. 86 സീറ്റാണ് അഭിപ്രായ സര്‍വേ ഇടതുപക്ഷത്തിന് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 53 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ഒരു സീറ്റ് നേടി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 43 ഉം യു.ഡി.എഫ് 41 ഉം ശതമാനം വോട്ട് നേടും. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ ഒമ്പതു ശതമാനം വോട്ട് നേടും. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ 234 അംഗ നിയമസഭയില്‍ 130 സീറ്റുകള്‍ നേടും. ഡി.എം.കെ – കോണ്‍ഗ്രസ് സഖ്യം 70 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 25 സീറ്റുകളും. ബി.ജെ.പിക്ക് സീറ്റൊന്നും ലഭിക്കില്ല. എഎഐഎഡിഎംകെക്ക് 39 ശതമാനവും ഡിഎംകെക്ക് 32 ശതമാനവും വോട്ട് ലഭിക്കും. ബംഗാളില്‍ ഇടതുമുന്നണി മികച്ച നേട്ടമുണ്ടാക്കുമെങ്കിലും തൃണമൂല്‍ ഭൂരിപക്ഷം നേടും. ഇടതുമുന്നണിയുമായി ധാരണയുണ്ടാക്കിയ കോണ്‍ഗ്രസിന് സീറ്റ് കുറയും. തൃണമൂല്‍ 160, ഇടതുമുന്നണി 106, കോണ്‍ഗ്രസ് 21 എന്നിങ്ങനെയാണ് പ്രവചനം. ബി.ജെ.പി നാലും മറ്റുള്ളവര്‍ മൂന്നും സീറ്റ് നേടും. തൃണമൂല്‍ 40, ഇടതുമുന്നണി 31, കോണ്‍ഗ്രസ് എട്ട്, ബി.ജെ.പി 11 ശതമാനം വോട്ടുകള്‍ നേടും. അസമില്‍ ബി.ജെ.പിക്ക് 55 ഉം കോണ്‍ഗ്രസിന് 53 ഉം സീറ്റുകളാണ് പ്രവചനം. എ.ഐ.യു.ഡി.എഫ് 12. മറ്റുള്ളവര്‍ ആറ്. കോണ്‍ഗ്രസ് 37, ബി.ജെ.പി 35, എ.ഐ.യു.ഡി.എഫ് 12, മറ്റുള്ളവര്‍ 15 ശതമാനം വോട്ടും നേടും. അതേസമയം, അസമില്‍ എ.ബി.സി പോള്‍ നീല്‍സണ്‍ നടത്തിയ സര്‍വേയില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. രണ്ട് സര്‍വേകളിലും എ.യു.ഡി.എഫ് നിര്‍ണായക ശക്തിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.