യുവതിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റുകയായിരുന്ന യുവാവ് പിടിയില്‍; യുവതിയുടെ ശരീരത്ത് വെടിയേറ്റ പാടുകള്‍

ന്യൂഡല്‍ഹി: യുവതിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റുകയായിരുന്ന 27 കാരനായ നവീനെ പൊലീസ് പിടികൂടി. യുവതിയുടെ ശരീരത്ത് വെടിയേറ്റ പാടുകളുണ്ട്. ദില്ലി യൂണിവേഴ്‌സിറ്റിക്ക് സമീപം ബൊണ്ടാ പാര്‍ക്കില്‍ നിന്നാണ് നവീനെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മരിച്ച യുവതിയുടെ പേര് അഞ്ജലിയെന്നാണെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹവുമായി ഒരു വെള്ള ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറിലായിരുന്നു നവീന്റെ കറക്കം. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അഞ്ജലിയുടെ സഹോദരിക്ക് നവീന്‍ ഫോണ്‍ ചെയ്തിരുന്നു. അഞ്ജലി ആത്മഹത്യ ചെയ്തുവെന്നായിരുന്നു നവീന്‍ സഹോദരിയോട് പറഞ്ഞത്. അഞ്ജലിയുടെ സഹോദരി വിവരം ഉടന്‍ പൊലീസിനെ അറിച്ചു. തുടര്‍ന്ന് പൊലീസ് നവീനെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അഞ്ജലി റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ചു മരിക്കുകയായിരുന്നുവെന്നാണ് നവീന്‍ പൊലീസിനോട് പറഞ്ഞത്. കാറില്‍ നിന്നും റിവോള്‍വറും പൊലീസ് കണ്ടെത്തി. അതേസമയം, യുവതിയുമായുള്ള അവിഹിത ബന്ധം പുറത്തിറിയാതിരിക്കാന്‍ നവീനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നവീനെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.