പ്രണയത്തില്‍ നിന്ന് പിന്‍മാറിയ കാമുകന്റെ ബൈക്ക് കത്തിക്കാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ക്വട്ടേഷന്‍ നല്‍കി; ഇയാളുടെ വിവാഹം ഉറപ്പിച്ചതാണ് പ്രകോപനം

കോഴിക്കോട്: പ്രണയത്തില്‍ നിന്ന് പിന്‍മാറിയ കാമുകന്റെ ബൈക്ക് കത്തിക്കാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ക്വട്ടേഷന്‍ നല്‍കി. ബൈക്ക് കത്തിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്. കുഞ്ഞിലന്റകത്ത് വീട്ടില്‍ അരുണ്‍ (19), എടക്കലകത്ത് വീട്ടില്‍ വിഷ്ണുപ്രസാദ് (22) ഫിഷര്‍മാന്‍ കോളനിയില്‍ സുജിത് (21) എന്നിവരാണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടിയാണ് കേസില്‍ ഒന്നാംപ്രതി.

17 വയസ്സുകാരിയും അയല്‍വാസിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവഹം ഉറപ്പിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് കാമുകനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാമുകന്‍ തയ്യാറായില്ല. പെണ്‍കുട്ടി നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കാമുകനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ വിളിച്ചും 17 കാരി ഭീഷണി മുഴക്കിയെന്നും പൊലീസ് പറഞ്ഞു. ഇതോടെ ആ വിവാഹം മുടങ്ങി. തുടര്‍ന്ന് കാമുകന്‍ പെണ്‍കുട്ടിയോട് കയര്‍ത്തു സംസാരിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. നഗരത്തിലെ കുപ്രസിദ്ധ ഗാങ്ങുമായി പെണ്‍കുട്ടി കരാറുറപ്പിച്ചു. 6000 രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ആയിരം രൂപ അഡ്വാന്‍സും നല്‍കി. ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാമുകന്റെ വീട്ടിലെത്തി ബൈക്ക് പുറത്തേക്ക് കൊണ്ടു പോയി കത്തിച്ചു. ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘത്തിന് പെണ്‍കുട്ടി ജനലിലൂടെ ബാക്കി തുക എറിഞ്ഞു നല്‍കിയെന്ന് പൊലീസ് പറഞ്ഞു. കാമുകനായ യുവാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നല്‍കി. പെണ്‍കുട്ടിയെക്കുറിച്ച് കാമുകനാണ് പൊലീസിന് സൂചന നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.