കോട്ടയം: മലയാളിയെ പൊട്ടിച്ചിരിക്കാന്‍ പഠിപ്പിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് ഇനി ഓര്‍മ്മ. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി 10.45ന് കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബോബനും മോളിയും എന്ന കഥാപാത്രങ്ങളിലൂടെ ആറ് പതിറ്റാണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയായിരുന്നു വിട പറഞ്ഞ ഈ അതുല്യപ്രതിഭ. 1929 ജൂണ്‍ ആറിന് കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി.ടി. കുഞ്ഞിത്തൊമ്മന്റെയും (വാടയ്ക്കല്‍ കുഞ്ഞോമാച്ചന്‍) സിസിലി തോമസിന്റെയും മകനായാണ് അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. തോമസ് എന്ന ടോംസ് ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വരയില്‍ താല്‍പര്യം ഉണ്ടായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് മദ്രാസിലേക്ക് ഒളിച്ചോടി ബ്രിട്ടീഷ് പട്ടാളത്തില്‍ ഇലക്ട്രീഷ്യനായി ചേര്‍ന്നു. യുദ്ധം തീര്‍ന്നതിനാല്‍ ഒരുമാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി. ശങ്കേഴ്സ് വീക്കിലി കാര്‍ട്ടൂണിസ്റ്റായിരുന്ന ജ്യേഷ്ഠന്‍ പീറ്റര്‍ തോമസിന്റെ കാര്‍ട്ടൂണുകളോട് തോന്നിയ ആരാധനയാണ് ടോംസിനെ മാവേലിക്കര സ്‌കൂള്‍ ഓഫ് ആര്‍ട്സിലെത്തിച്ചത്. അവിടെ മൂന്ന് വര്‍ഷം പഠിച്ചു. തുടര്‍ന്ന് ജനതാ പ്രസില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന കുടുംബദീപത്തില്‍ പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. കോട്ടയത്തെ ദീപികയില്‍ വരച്ചാണ് ടോംസ് കാര്‍ട്ടൂണ്‍ ജീവിതത്തിന് തുടക്കമിട്ടത്. ബിരുദധാരണത്തിനുശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിച്ചു. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയില്‍ ടോംസ് പബ്ലിക്കേഷന്‍സ് ആരംഭിച്ചു.
30ാം വയസ്സിലാണ് ബോബനെയും മോളിയേയും കണ്ടത്തെുന്നത്. അവര്‍ അയല്‍പക്കത്തെ കുട്ടികളായിരുന്നു. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീട് തന്റെ കുട്ടികള്‍ക്കും അദ്ദേഹം ഇതേ പേരിട്ടു. ഭാര്യ: തെരീസാക്കുട്ടി. മക്കള്‍: ബോബന്‍ (ടോംസ് പബ്ളിക്കേഷന്‍സ്), മോളി, റാണി (ആരോഗ്യവകുപ്പ്), ഡോ. പീറ്റര്‍ (യു.കെ), ബോസ് (ടോംസ് കോമിക്സ്), ഡോ.പ്രിന്‍സി (സീനിയര്‍ റിസര്‍ച് ഓഫിസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മുംബൈ). മരുമക്കള്‍: ഇന്ദിരാ ട്രീസാ, സിമി, ബീമോള്‍, പോള്‍ ഐസക് നെയ്യാരപള്ളി ചേര്‍ത്തല, പരേതനായ ഡോ. ടോജോ കളത്തൂര്‍ (കണ്ണൂര്‍), ബിജു ജോണ്‍ (മുംബൈ). സംസ്‌കാരം പിന്നീട്.