പഴയ കറന്‍സി കയ്യിലുണ്ടോ..? എങ്കില്‍ വേഗം മാറ്റിക്കോ..!! കറന്‍സി മാറ്റാനുള്ള തിയതി ആര്‍.ബി.ഐ നീട്ടി

മുംബൈ: 2005നു മുമ്പുള്ള 1000, 500, നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടി.  ഡിസംബര്‍ 31വരെയാണ് പുതുക്കിയ നല്‍കിയ കാലാവധി.  നേരത്തെ ഈ മാസം 30വരെയായിരുന്നു ആര്‍ബിഐ സമയമനുവദിച്ചിരുന്നത്. ഡിസംബര്‍ 31വരെ ദേശസാല്‍കൃത ബാങ്കുകളിലെ ബ്രാഞ്ചുകളില്‍ നിന്നും കറന്‍സികള്‍ മാറ്റി വാങ്ങാമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. രണ്ടാംതവണയാണ് നോട്ടുമാറാനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടുന്നത്. ഇക്കൊല്ലം ജനവരി ഒന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന അന്തിമതീയതി. ഇതാണ് ജൂണ്‍ 30വരെ നീട്ടിയത്.2005നുമുമ്പുള്ള നോട്ടുകള്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഏതെങ്കിലും ബാങ്കുശാഖകളില്‍ നല്‍കി മാറ്റിവാങ്ങുകയോ ചെയ്യണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. അച്ചടിച്ച വര്‍ഷം വ്യക്തമാക്കാത്തവയാണ് 2005ന് മുമ്പുള്ള കറന്‍സികള്‍. ഇതിനുശേഷം അച്ചടിച്ച കറന്‍സികള്‍ അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയവയാണ്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളവയാണ്. കള്ളനോട്ടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.പഴയ ശ്രേണിയിലുള്ള കറന്‍സികള്‍ വിനിമയത്തില്‍നിന്ന് ഒഴിവാക്കുന്നത് നടപടിക്രമം മാത്രമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. പഴയ സീരീസിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നത് അന്താരാഷ്ട്ര തലത്തിലുള്ള രീതിയാണ്. 2005ന് ശേഷം പുറത്തിറങ്ങിയ നോട്ടുകളുടെ കള്ള മാതൃക തയ്യാറാക്കുക ബുദ്ധിമുട്ടാണെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. റിസര്‍വ്വ് ബാങ്ക് പ്രചാരണം ആരംഭിച്ച ശേഷം കഴിഞ്ഞ 13 മാസത്തിനിടെ ഇതുവരെ 164 കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകള്‍ വഴി ശേഖരിച്ചുകഴിഞ്ഞു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 21,750 കോടി രൂപയുടെ പഴയ നോട്ടുകളാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്.

© 2024 Live Kerala News. All Rights Reserved.