കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ചാനല്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ ‘കേരള കുരുക്ഷേത്ര’ പരിപാടിക്കിടെ സിപിഎം നേതാവിനോട് പാകിസ്ഥാനിലേക്ക് പോകെടായെന്ന് ബിജെപി പ്രവര്‍ത്തകരുടെ ആക്രോശം. ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗുജറാത്തിലേക്ക് പോകാമെന്ന് റിയാസ് തിരിച്ചടിച്ചു. കോലിബി സഖ്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് പരാമര്‍ശിച്ചപ്പോയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകോപിതരായത്. ഇതൊരു പൊതു ചര്‍ച്ചയാണെന്നും മുസ്ലീം ആയതിന്റെ പേരില്‍ ഒരാളോട് പാക്കിസ്ഥാനിലേക്ക് പോകാമെന്നും പറയുന്ന രീതി ഈ ചര്‍ച്ചയില്‍ അനുവദിക്കില്ലെന്ന് പരിപാടിയുടെ അവതാരകന്‍ നിഷാദും വ്യക്തമാക്കി.
തുടര്‍ന്ന് രോഷകുലരായ പത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ റിയാസിനെതിരെയും ചാനല്‍ അവതാരകന്‍ നിഷാദിന് നേരെയും തിരിഞ്ഞു. ഇനി ഈ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ഥലത്തെ പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ കയ്യേറ്റം ചെയ്യാനായി എത്തിയത്. പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ചാനല്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു.