ശ്രീനഗര്‍: നരേനദ്രമോഡി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ ഹിന്ദ്‌വാരയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഹിമാല്‍ അഹമ്മദ് ബാണ്ടെ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സൈനീകരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാരോപിച്ച് ഹിന്ദ്‌വാരയില്‍ കലാപം നടക്കുകയും വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിയടക്കം അഞ്ച് പേര്‍ മരിച്ചിരുന്നു. അപമാനിതയായ പെണ്‍കുട്ടിയുടേതെന്നു കരുതുന്ന വീഡിയോ കഴിഞ്ഞ ദിവസം സൈന്യം പുറത്തുവിട്ടതു കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. ഈ വീഡിയോയിലും സൈനികരല്ല മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് കുട്ടിയുടെ മാതാവ് പ്രതികരിച്ചത്. എന്നാല്‍ സൈനികര്‍ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് ജമ്മു കശ്മീരിലെ ഹാന്‍ഡ്‌വാഡയില്‍ പീഡനത്തിനിരയായ പതിനാറുകാരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. രണ്ട് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും ഇതിലൊരാള്‍ സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടുതല്‍ സൈനിക നടപടികള്‍ ആരംഭിച്ചതോടെ മേഖലയില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.