ന്യൂഡല്‍ഹി: ആദ്യ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി മറവു ചെയ്ത യുവാവ് അറസ്റ്റില്‍. സൗത്ത് ദില്ലിയിലെ ഫത്തേപുര്‍ ബേരിയിലാണ് സംഭവം. ദില്ലിയിലെ ഒരു ഹോട്ടലില്‍ പാചകക്കാരന്‍കൂടിയായ ഗുല്‍ബുദ്ദീനാണ് ഭാര്യ ഫുല്ലു ബീഗത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹം കഴിച്ച ഇയാള്‍ ആദ്യ ഭാര്യയെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു ക്രൂര കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ 15 വയസുള്ള മകള്‍ ഉറങ്ങുന്ന സമയം നോക്കി ഗുല്‍ബുദ്ദീന്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കുളിമുറിയിലേക്കു വലിച്ചുകൊണ്ടുപോയ ഭാര്യയുടെ ശരീരം അയാള്‍ വെട്ടിനുറുക്കി വീടിന് സമീപത്തുള്ള പ്രദേശത്ത് മറവു ചെയ്തു. അമ്മയെ കാണാനില്ല എന്ന പരാതിയുമായി മകള്‍ ഫത്തേപുര്‍ ബെരി പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് ഗുല്‍ബുദ്ദീനെ ഉള്‍പ്പെടെ നിരവധിപേരെ പെലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഗുല്‍ബുദ്ദീന്‍ വെളിപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ ശരീരം മറവു ചെയ്ത സ്ഥലത്ത് ഇയാളെ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തു.