തൃശൂര്‍: കരിയും വേണം കരിമരുന്നും വേണമെന്നുള്ള തൃശൂര്‍കാരുടെ ആവശ്യത്തിന് ഭരണകൂടം അനുമതി നല്‍കിയതോടെ പ്രതിഷേധങ്ങള്‍ക്കിടെയും ആനയെഴുന്നെള്ളത്തും വെടിക്കെട്ടുമായി ഇന്ന് തൃശൂര്‍പൂരം. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെയാണ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പൂരങ്ങളുടെ വരവ് നടക്കുക.മഠത്തില്‍ വരവും പഞ്ചവാദ്യവും ഇലഞ്ഞിപ്പറമേളവും കുടമാറ്റവും കാണാന്‍ പതിനായിരങ്ങളാണ് തൃശ്ശൂരിലേക്ക് ഇന്ന് ഒഴുകിയെത്തുക. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. തിരുവമ്പാടി ഭഗവതി പുറത്തക്ക് എഴുന്നള്ളും. ഉച്ചയോടെ പാറമേക്കാവിലമ്മയും എഴുന്നള്ളും. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇലഞ്ഞിച്ചോട്ടില്‍ താളമേളപ്പെരുമ ആരംഭിക്കും. വൈകുന്നേരം പാറമേക്കാവും തിരുവമ്പാടിയും മുഖാമുഖം കണ്ടു കൊണ്ടുള്ള വര്‍ണ്ണക്കുടമാറ്റം അരങ്ങേറും. കുടമാറ്റത്തിനു പിന്നാല രാത്രി പൂരവും പഞ്ചവാദ്യവും ഉണ്ടാവും. പുലര്‍ച്ചയോടെയുള്ള വര്‍ണ്ണശബളമായ വെടിക്കെട്ടോടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരാഘോഷങ്ങള്‍ക്ക് കൊടിയിറക്കമാവും. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.