കോടതിനിര്‍ദേശം പാലിച്ച് തൃശൂര്‍പൂരം ഭംഗിയാക്കും;ആന എഴുന്നെള്ളത്തിനും വെടിക്കെട്ടിനും നിയന്ത്രണമെന്നും മുഖ്യമന്ത്രി; ഭാവിയില്‍ ലേസര്‍ വെടിക്കെട്ട്

തൃശൂര്‍: കോടതി നിര്‍ദ്ദേശം പാലിച്ച് തൃശൂര്‍ പൂരം ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃശൂര്‍ പുരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളും കോടതി നിര്‍ദ്ദേശവും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും തൃശൂര്‍ പൂരം നടത്തുക. ആന എഴുന്നള്ളത്തിനും വെടിക്കെട്ടിനും നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഭാവിയില്‍ അപകട സാദ്ധ്യത ഒഴിവാക്കി വര്‍ണ്ണപൊലിമയുള്ള വെടിക്കെട്ടുകള്‍ നടത്താന്‍ ശ്രമിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലേസര്‍ വെടിക്കെട്ടിനുള്ള സാദ്ധ്യത സര്‍ക്കാര്‍ പരിഗണനയിലെന്നും ചെന്നിത്തല പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പൂര്‍ണ സഹകരണം ഉറപ്പുനല്‍കിയിട്ടുണ്ട്. രണ്ട് ദേവസ്വങ്ങള്‍ ചര്‍ച്ച നടത്തി ഇതിനുള്ള വിശദാംശങ്ങള്‍ തയാറാക്കും. സുരക്ഷ പ്രധാനമാണെന്നും പൂരം ഭംഗിയായി നടത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടിനും ആനയെഴുന്നള്ളിപ്പിനുമെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

© 2024 Live Kerala News. All Rights Reserved.