തിരുവനന്തപുരം: അഴിമതിയും ധൂര്‍ത്തും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കണ്‍സ്യൂമര്‍ഫെഡ് വിഷുവിപണിയില്‍ ഇടപെടില്ല. ഇത് ഉപഭോക്താക്കളെ വലയ്ക്കും. മുന്‍ഭരണസമിതികളുടെ ധൂര്‍ത്തും അഴിമതിയുമാണ് കണ്‍സ്യൂമര്‍ഫെഡിനെ ഈ ദുരവസ്ഥയില്‍ എത്തിച്ചത്. കുടിശികത്തുക കിട്ടാതെ കണ്‍സ്യൂമര്‍ഫെഡിന് സാധനങ്ങള്‍ നല്‍കില്ലെന്ന് കരാറുകാര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡ് വിഷു വിപണിയില്‍ ഇടപെടാതിരിക്കാന്‍ ഇതാണ് കാരണം. പൊതുവിപണിയില്‍ വില കുതിക്കുമ്പോഴും വില പിടിച്ചു നിര്‍ത്താന്‍ യാതൊരുവിധ നടപടിയുമില്ലാതെ കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിഷുവിനുള്ള സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും മൊത്തവിതരണക്കാര്‍ ക്വട്ടേഷന്‍ നല്‍കാന്‍ തയാറാവാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. 300 കോടിയാണ് കണ്‍സ്യൂമര്‍ ഫെഡ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. ഇതിനിടെ അവശ്യസാധനങ്ങള്‍ വിറ്റിരുന്ന പതിനഞ്ചോളം സ്ഥാപനങ്ങള്‍ മദ്യവില്‍പ്പനശാലകളായി മാറ്റുകയും ചെയ്തു. സെക്രട്ടേറിയറ്റിനു മുമ്പിലെ ത്രിവേണി ഔട്ട്‌ലെറ്റും എറണാകുളം ഗാന്ധിനഗറിലെ ത്രിവേണി കോഫിഹൗസും മദ്യവില്‍പനശാലകളായി. ആസാദ് റോഡിലെ ത്രിവേണി അടച്ചുപൂട്ടിയാണ് സെല്‍ഫ് സര്‍വീസ് മദ്യവില്‍പ്പനകേന്ദ്രം തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ മാനേജ്‌മെന്റ് ശേഖരിച്ച കണക്കു പ്രകാരം കണ്‍സ്യൂമര്‍ഫെഡ് 1052 കോടി രൂപ നഷ്ടത്തിലാണെന്നു കണ്ടെത്തിയിരുന്നു. മദ്യവില്‍പ്പനയില്‍ മാത്രമാണ് മാനേജ്‌മെന്റിന് താത്പര്യമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ട് നേരായ വഴികളില്‍ പോയാല്‍ മാത്രമാണ് കണ്‍സ്യൂമര്‍ഫെഡ് രക്ഷപ്പെടുകയുള്ളു.