കല്യാണദിനത്തില്‍ കാമുകനൊപ്പം പോയ യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു; ഇനി തന്റെ ജീവിതത്തില്‍ ഒരു വിവാഹമില്ലെന്ന് പെണ്‍കുട്ടി; മതമൗലീകവാദികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാം

കൊച്ചി: കല്യാണദിനത്തില്‍ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോയി വിവാഹം രജിസ്റ്റര്‍ ചെയ്ത് ജീവിതം തുടങ്ങിയ യുവതിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇനി ജീവിതത്തില്‍ മറ്റൊരു വിവാഹമില്ലെന്നും വിവാഹത്തിന് നിര്‍ബന്ധിക്കരുടെന്നും പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി നിര്‍ദേശിച്ച ഈ ഉപാധികളോടെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പെണ്‍കുട്ടിയുടെ പഠനം തുടരണമെന്ന വ്യവസ്ഥയും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
കഴിഞ്ഞമാസമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പെണ്‍കുട്ടി വിവാഹസല്‍ക്കാരത്തിനിടെ കാവുംവട്ടത്തെ വീട്ടില്‍ നിന്നും ബൈക്കിലെത്തിയ കാമുകനൊപ്പം കയറി പോയത്.നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. പെണ്‍കുട്ടി കാമുകനൊപ്പം പോയതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് അന്ന് നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് പയ്യോളി സ്‌റ്റേഷനില്‍ ഹാജരായ ഇവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും, കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ കോടതി പെണ്‍കുട്ടിയെ കാമുകനൊപ്പം ജീവിക്കാനും വിട്ടിരുന്നു. കാമുകനൊപ്പം പോരുമ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കിയിരുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട യുവാവിനൊപ്പം പോയ മുസ്്‌ലിംപെണ്‍കുട്ടിക്കും വ്യാപകമായ ഭീഷണിയും വിലക്കും സമ്മര്‍ദ്ധങ്ങളും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ മതമൗലീകവാദികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ശപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ മനംമാറ്റം. പെണ്‍കുട്ടിക്കൊപ്പം ജീവിച്ച യുവാവും ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലായി.

© 2024 Live Kerala News. All Rights Reserved.