ഹൈദരാബാദ്: ഒരു പക്ഷേ വളരെ അപൂര്‍വമായിരിക്കും ഇങ്ങനെയൊരു വാര്‍ത്തകേള്‍ക്കുന്നത്. പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചെങ്കിലും പ്രസവിച്ച ആണ്‍കുഞ്ഞിനെ മാതാവ് തന്നെ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദ് സ്വദേശി പൂര്‍ണ്ണിമയാണ് ഈ ക്രൂരകൃത്യം ചെയ്തത്. 24 ദിവസം പ്രായമുള്ള കുഞ്ഞിനെ ഷേവിംഗ് ബ്‌ളേഡ് ഉപയോഗിച്ച് കഴുത്തു കണ്ടിച്ച് തെരുവില്‍ കൊണ്ടിട്ടു. നഗരത്തിലെ ഒരു കടയുടമയുടെ ഭാര്യയാണ് 30 കാരിയായ പൂര്‍ണ്ണിമ. ഇവരുടെ ആദ്യ കുഞ്ഞ് ആണ്‍കുട്ടിയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് രണ്ടാമത്തെ പ്രസവത്തിലും പിറന്നത് ആണ്‍കുഞ്ഞായിരുന്നു. മൂന്നാമത്തെ കുട്ടി പെണ്‍കുട്ടിയായിരിക്കുമെന്ന അമിത പ്രതീക്ഷയിലായിരുന്നു പൂര്‍ണ്ണിമ. എന്നാല്‍ മൂന്നാഴ്ച മുമ്പ് ഇവര്‍ക്ക് പിറന്നതും ആണ്‍കുട്ടിയായതോടെ കുഞ്ഞിനെ കുട്ടികളില്ലാത്തവര്‍ക്കോ ബന്ധുക്കള്‍ക്കോ കൊണ്ടുപോയി കൊടുക്കാന്‍ പൂര്‍ണ്ണിമ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കുടുംബം ഇതിന് എതിരായതോടെ ഇവര്‍ കടുത്ത വിഷാദത്തിലായി. കുഞ്ഞിനെ ഇഷ്ടമില്ലാതിരുന്ന ഇവര്‍ അതിനെ തന്റെ അടുത്ത് കൊണ്ടുവരാന്‍ പോലും സമ്മതിക്കുകയും ചെയ്തിരുന്നില്ല. കാര്യങ്ങള്‍ അപകടകരമാം വിധത്തിലേക്ക് മാറിയത് ചൊവ്വാഴ്ച രാത്രിയിലായിരുന്നു. മോഷ്ടാക്കള്‍ ആക്രമിച്ചതാണെന്ന് വ്യാജകഥയുണ്ടാക്കി ചോരകുഞ്ഞിനെ ഇവര്‍തന്നെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.