കൊല്ലം: അഞ്ചംഗ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഗുണ്ടാ മോഡല്‍ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൈകാലുകള്‍ ഒടിഞ്ഞുതൂങ്ങി. ഇരുമ്പുവടി ഉപയോഗിച്ചുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഇഞ്ചാണിമുക്ക് കൊട്ടിലില്‍ നിയാസ് (24). പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീടുകയറി ആക്രമണം നടത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നിയാസിനെ ഇതിന്റെ വൈരാഗ്യത്തില്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമിസംഘത്തില്‍പ്പെട്ട ചാത്തിനാംകുളം സ്വദേശികളായ ഷൈജു, നൌഷാദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി കിളികൊല്ലൂര്‍ പൊലിസ് പറഞ്ഞു.
പത്തായക്കല്ലിനു സമീപത്തെ പെട്ടിക്കടയില്‍ നാരങ്ങാവെള്ളം കുടിച്ചുകൊണ്ട് നിന്ന നിയാസിനെ ഓട്ടോറിക്ഷയിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ വാഴത്തോപ്പിലേക്ക് ഓടിയ നിയാസിനെ പിന്തുടര്‍ന്നെത്തിയ സംഘം അടിച്ചുവീഴ്ത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പുവടി വടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇയാളുടെ കൈകാലുകള്‍ ഒടിഞ്ഞുതൂങ്ങുകയും ശരീരമാസകലം മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ പിന്‍വാങ്ങിയ ശേഷം നാട്ടുകാര്‍ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് നിയാസിനെ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഈയിടയായി പോപ്പുലര്‍ഫ്രണ്ട് പോലുള്ള മതമൗലീകസംഘടനകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്.