വാഷിങ്ടണ്‍: ഭീകര സംഘടനയായ ഐഎസിന്റെ വരുമാനം പകുതിയായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ഐഎസിന്റെ നിയന്ത്രണത്തിലുള്ള അസംസ്‌കൃത എണ്ണ ഉത്പാദന ശൃംഖലയില്‍ ആക്രമണങ്ങള്‍ പതിവായതോടെയാണ് സംഘടനയുടെ വരുമാനം പകുതിയായി കുറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വരുമാനം ഇടിഞ്ഞത് മൂലം ഇറാഖ്, സിറിയ എന്നിവിടങ്ങില്‍നിന്നുള്ള പുതിയ റിക്രൂട്ട്‌മെന്റുകളുടെ ശമ്പളവും ഐഎസ് പകുതിയാക്കി കുറച്ചിട്ടുണ്ട്. കൂടാതെ പല ഐഎസിന്റെ യൂണിറ്റുകളിലും ശമ്പളം നല്‍കുന്നില്ല. സംഘടനയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ തമ്മില്‍ അഴിമതി, മോഷണം, ദുര്‍ഭരണം എന്നിവ ആരോപിച്ച് തര്‍ക്കങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
എണ്ണ പാടങ്ങളിലും, റിഫൈനറികളിലും, ടാങ്കറുകളിലും നടന്ന വ്യോമാക്രമണങ്ങള്‍ എണ്ണ ഉത്പാദനം മൂന്നിലൊന്നായി കുറച്ചിരിക്കുകയാണ്. എണ്ണ വിലയില്‍ വന്ന ഇടിവും എണ്ണ ഉത്പാദനത്തില്‍ നേരിട്ട തിരിച്ചടിയും റിഫൈന്‍ഡ് ഉത്പന്നമായ ഗാസോലിന്‍ ഉണ്ടാക്കാനും വില്‍ക്കാനും സാധിക്കാത്തതും ഐസിസിന് തിരിച്ചടിയായി. ഈയടുത്ത ആക്രമണങ്ങള്‍ മൂലം അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ 40 ശതമാനം മാത്രമാണ്. അതിനാല്‍ പണത്തിനായി ചെറിയ വിഭാഗം ജനങ്ങളെ മാത്രമേ അവര്‍ക്കു ആശ്രയിക്കാന്‍ കഴിയുവെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു. എന്നാല്‍ പല മാര്‍ഗങ്ങളിലൂടെ അവര്‍ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും ഇനിയും അവരെ തകര്‍ക്കാന്‍ കുറേകൂടി മുന്നോട്ട് പോകേണ്ടതുണ്ടെന്നും യു.എസ് അധികൃതര്‍ വ്യക്തമാക്കി.