കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി തോമസിനെതിരെ തൃക്കാക്കരയില്‍ പോസ്റ്ററുകളും, ചുവരെഴുത്തുകളും. ബെന്നി ബെഹനാന് പകരം പിടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയ പ്രതിഷേധം അറിയിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി ചിഹ്നങ്ങള്‍ വ്യാപകമായി വികൃതമാക്കി. അതേസമയം നേരത്തെ കൈപ്പത്തി ചിഹ്നം പതിച്ചിട്ടിരുന്ന മതിലുകളിലാണ് പിടി വേണ്ടാ എന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതിനു മുന്‍പ് ബെന്നി ബെഹനാന്‍ കെപിസിസി പ്രസിഡന്റിന് താത്പര്യമില്ലാത്തതിനാല്‍ ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നും പറഞ്ഞ് പിന്മാറിയിരുന്നു. തുടര്‍ന്ന് ബെന്നിയെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടന്നിരുന്നു. എഐസിസിയോട് ബെന്നിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ തൃക്കാക്കര മണ്ഡലത്തില്‍ നിന്നുളള പ്രവര്‍ത്തകര്‍ ഈമെയിലുകളും അയച്ചിരുന്നു.