ചീത്ത കൂട്ടുകെട്ടുകള്‍ കലാഭവന്‍ മണിയുടെ പതനത്തിന് കാരണമായി; അത്തരം സൗഹൃദങ്ങളെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മണി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും നടന്‍ ദിലീപ്

കൊച്ചി: ചീത്ത കൂട്ടുകെട്ടുകള്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ബാധിച്ചിരുന്നതായി നടനും സുഹൃത്തുമായ ദലീപ്. ചീത്ത കൂട്ടുകെട്ടുകളില്‍ അവന്‍ പെട്ടുപോയത് നിര്‍ഭാഗ്യകരമായി. അവന്റെ ചില സൗഹൃദങ്ങളെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. അവരില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാന്‍ പോലും മണി തയ്യാറായില്ല. അതും മണിയുടെ പതനത്തിന് കാരണമായതായി ദിലീപ് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. മണി ചാലക്കുടിയിലെ ആളുകളോട് ഇടപെടുന്ന രീതിയും അവരെ സഹായിക്കുന്നതും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ട്. പക്ഷേ തന്നെ സംബന്ധിച്ച് മണിയുടെ മരണം വ്യക്തിപരമായ നഷ്ടമാണെന്നും ദിലീപ് പറഞ്ഞു. ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യാറുണ്ടായിരുന്നു. മണിയുടെ മടിയില്‍ തലവച്ച് താന്‍ കിടന്നുറങ്ങിയിട്ടുണ്ട്. ജീവനില്ലാത്ത മണിയുടെ ശരീരം കണ്ടപ്പോള്‍ എന്റെ ശക്തിയെല്ലാം ചോര്‍ന്നു പോയതു പോലെയാണ് തോന്നിയത്. മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയില്‍ ഒരു സിനിമ തിയറ്റര്‍ തുടങ്ങുമെന്നും ദിലീപ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.