ആരോപണവിധേയര്‍ മാറിനില്‍ക്കണമെന്ന് വിഎം സുധീരന്‍; അങ്ങനെയെങ്കില്‍ താനും മാറിനില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി; അടൂര്‍ പ്രകാശ്, കെ ബാബു, ബെന്നി ബെഹനാന്‍, കെസി ജോസഫ് എന്നിവരെ മാറ്റി നിര്‍ത്താന്‍ സുധീരന്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ആരോപണവിധേയരെ മാറ്റിനിര്‍ത്തണമെന്ന നിലപാടില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉറച്ചുനില്‍ക്കുന്നു. അങ്ങനെയങ്കില്‍ താനും മാറി നില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി നിലപാട് കടുപ്പിച്ചു.സിറ്റിംഗ്എംഎല്‍എമാരെ ഒഴിവാക്കാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കരളത്തിലേക്ക് മടങ്ങാനിരുന്ന ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് തിരിച്ചു വിളിക്കുകയായിരുന്നു. സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ സുധീരനെതിരെ ശക്തമായ നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ആരോപണവിധേയര്‍ മാറി നില്‍ക്കണമെന്നാണ് സുധീരന്റെ നിലപാട്. അടൂര്‍ പ്രകാശ്, കെ ബാബു, ബെന്നി ബെഹനാന്‍, കെസി ജോസഫ് എന്നിവരെ മാറ്റി പുതിയ ആളുകളെ പരിഗണിക്കണമെന്നാണ് സുധീരന്റെ ആവശ്യം. ആ നിലപാടില്‍ സുധീരന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ താനും മത്സരരംഗത്തു നിന്ന് മാറിനില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തെ അറിയിച്ചു. താനും ആരോപണവിധേയനാണ്. അങ്ങനെയെങ്കില്‍ താനും മാറിനില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു. സുധീരനെതിരെ എ ഗ്രൂപ്പ് ഒറ്റക്കെട്ടായി രംഗത്തെത്തി. മുഖ്യമന്ത്രിയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തു. ഈ നീക്കം പ്രതിരോധിക്കുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ അറിയിച്ചു. അതേസമയം, വി.എം സുധീരന്‍ ഇതുവരെ തന്റെ നിലപാട് മയപ്പെടുത്താന്‍ തയ്യാറായിട്ടില്ല. നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന സെക്രട്ടറി ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ കേരളത്തിലെ നേതാക്കളുമായും ചര്‍ച്ച നടത്തുമെന്ന് അറിയുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റി യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.

© 2024 Live Kerala News. All Rights Reserved.