സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കണം; ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധേയം

മുംബൈ: സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റുകളെ നിയന്ത്രിക്കണമെന്ന് ബോംബെ ഹൈക്കോടതി. അഭിഭാഷക പ്രിസ്‌കില സാമുവല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് അഭയ് ഓക, ജസ്റ്റിസ് പി.ഡി നായിക്ക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സൈറ്റുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടത്. ഒരു മാസത്തിനകം വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം കോടതിയെ അറിയിക്കാനും ബെഞ്ച് നിര്‍ദേശിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള മാധ്യമ പരസ്യം കൊടുത്താല്‍ 6 മാസം മുതല്‍ 5 വര്‍ഷം വരെയുള്ള കാലത്തേക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. മാട്രിമോണിയല്‍ സൈറ്റുകളില്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പരസ്യങ്ങള്‍ ഉണ്ടാവാറുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.