ടൈറ്റാനിയം അഴിമതിക്കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി കെ ഇബ്രാഹിം കുഞ്ഞും പ്രതിസ്ഥാനത്ത്

തിരുവനന്തപുരം: 2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നിരുന്നു. ഇത് ചൂണ്ടികാണിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ എസ്. ജയന്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്്.
ടൈറ്റാനിയം അഴിമതിക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നാണ് കഴിഞ്ഞ തവണ കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ടൈറ്റാനിയത്തില്‍ മാലിന്യ പ്ലാന്റ് നിര്‍മ്മിച്ചത് വഴി കോടികള്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് പരാതി. ഈ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരിന്നു.
ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടരന്വേഷണം സ്‌റ്റേ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നേരത്തെ മുന്‍ വ്യവസായ സെക്രട്ടറി ടി.ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സ്റ്റേ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കും ഉത്തരവാദികളായ മറ്റുള്ളവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തിരുവന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശമുണ്ടാകുന്നത് യുഡിഎഫിനും കോണ്‍ഗ്രസിനും ഒരുപോലെ തലവേദന സൃഷ്ടിക്കും.

© 2024 Live Kerala News. All Rights Reserved.