സേനവനികുതിയിനത്തിലും 812 കോടി രൂപ വിജയ് മല്യ അടച്ചില്ല; മല്യയുടെ വിമാനങ്ങള്‍ ലേലം ചെയ്യും

ന്യൂഡല്‍ഹി: വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത ബാധ്യതയ്ക്ക് പിന്നാലെ സേനവനികുതിയിനത്തിലും 812 കോടി രൂപയാണ് വിജയ് മല്യ അടച്ചില്ല. തുക തിരിച്ചുപിടിക്കാനായി വിജയ് മല്യയുടെ ആസ്തികള്‍ ലേലം ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതില്‍ മല്യയുടെ സ്വകാര്യ എയര്‍ബസ് എസിജെ 319 വിമാനവുമുണ്ട്. അഞ്ച് ചെറിയ എടിആര്‍ വിമാനങ്ങളും മൂന്നു ഹെലികോപ്റ്ററുകളും കൂടി ലേലം ചെയ്തു വില്‍ക്കും. 812 കോടിയില്‍ 32 കോടി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് യാത്രക്കാരില്‍ നിന്നു ശേഖരിച്ച് സര്‍ക്കാരില്‍ അടയ്‌ക്കേണ്ടതായിരുന്നു.
ബാങ്കുകള്‍ക്ക് ആകെ 9,000 കോടി രൂപയാണ് 2012ല്‍ സേവനം നിര്‍ത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കാനുള്ളത്. വിമാനങ്ങള്‍ സേവനനികുതി വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. ലേലനടപടികളുമായി മുന്നോട്ടുപോകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ലേലത്തുക സര്‍ക്കാര്‍ കമ്പനിയായ എംഎസ്ടിസി തീരുമാനിക്കും. മേയ് 15,16 തീയതികളിലായിരിക്കും ലേലം. മല്യയുടെ സ്വകാര്യ വിമാനം പാട്ടത്തിനു നല്‍കിയിരിക്കുകയാണ്. വിമാനത്തിന് അവകാശമുന്നയിച്ച് ആരും അധികാരികളെയോ കോടതിയെയോ സമീപിച്ചില്ല.

© 2024 Live Kerala News. All Rights Reserved.