ഞാന്‍ ഒളിച്ചോടിയിട്ടില്ല; ഞാനൊരു അന്താരാഷ്ട്ര ബിസിനസുകാരനാണ്; വിജയ് മല്യ ലണ്ടനില്‍

ന്യൂഡല്‍ഹി: ‘ഞാന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയിട്ടില്ല. ഞാനൊരു അന്താരാഷ്ട്ര ബിസിനസുകാരനാണ്. ഞാന്‍ ഇന്ത്യയിലേക്കും പുറത്തും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്.’ എന്ന് വിജയ് മല്യ ട്വീറ്റു ചെയ്തു. വിജയ് മല്യ ലണ്ടനിലെ ലേഡിവാക്ക് എന്ന പേരിലുള്ള ക്യൂന്‍ ഹൂ റോഡിലെ വലിയ ബംഗ്ലാവിലാണ് താമസിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിരവധി രാജ്യങ്ങളില്‍ വിജയ് മല്യക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. ‘ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഞാന്‍ എന്റെ രാഷ്ട്രത്തിലെ നിയമത്തെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് മല്യ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. നമ്മുടെ നിയമവ്യവസ്ഥ മഹനീയമാണ്. പക്ഷെ മാധ്യമ വിചാരണ പാടില്ല.’ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കടമെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാതെ വിജയ് മല്യ രാജ്യം വിട്ടത് ഏറെ വിവാദമായിരുന്നു. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി മതിയായ സെക്യൂരിറ്റിയില്ലാതെ വന്‍തുകകളാണ് രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകള്‍ വായ്പയായി നല്‍കിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി തകരുകയാണെന്നു തിരിച്ചറിഞ്ഞായിരുന്നു ഈ വായ്പ അനുവദിക്കല്‍.

മല്യ മാര്‍ച്ച് 2ന് രാജ്യം വിട്ടതായി കഴിഞ്ഞദിവസം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇതു വിവാദമായത്. മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് 17 ബാങ്കുകള്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കടബാധ്യതയുടെ പേരില്‍ സാധാരണക്കാരെ ക്രൂശിക്കുന്ന ഭരണകൂടം കോടികള്‍ കടബാധ്യതയുള്ള ഒരാളെ നാടുവിടാന്‍ അനുവദിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുവന്നു.

© 2024 Live Kerala News. All Rights Reserved.