വടകരയില്‍ കെകെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥി; ധര്‍മടത്ത് മത്സരിക്കാനില്ല

കോഴിക്കോട്: വടകരയില്‍ കെകെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി. പാര്‍ട്ടിയുടെ സ്വാധീനമേഖലയില്‍ ജയിക്കാനാകുമെന്ന കണക്കെടുപ്പിന് ശേഷമാണ് മല്‍സരിക്കാന്‍ ആര്‍എംപി നേതാവ് രമ തയാറായത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വടകരയിലാണ് രമ സ്ഥാനാര്‍ത്ഥിയാകുന്നത്. ആര്‍എംപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം 25നുണ്ടാകും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും രമ പിന്മാറുകയായിരുന്നു. പാര്‍ട്ടിക്ക് ജയസാധ്യത ഏറെയുണ്ടെന്ന കണക്കുകൂട്ടലാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ കാരണം. 2011ല്‍ 10,098 വോട്ടുകളാണ് ആര്‍എംപിക്ക് വടകരയില്‍ നിന്ന് ലഭിച്ചത്.

ഇത്തവണ ഇരുമുന്നണികളിലെയും ജനതാപാര്‍ട്ടികള്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ തങ്ങള്‍ക്കനുകൂലമായി വോട്ടുമറിയുമെന്നാണ് ആര്‍എംപി നേതൃത്വം കണക്കാക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ജെഡയുവിലും ജനതാദള്‍ എസിലും ഭിന്നത വര്‍ധിച്ചതാണ് കാരണം. ഒപ്പം രമയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാനാവുമെന്നും അക്രമരാഷ്ട്രീയം ചര്‍ച്ചയാക്കാനാവുമെന്നും പാര്‍ട്ടികണക്കുകൂട്ടുന്നു.

© 2024 Live Kerala News. All Rights Reserved.