മുസ്ലീംലീഗ് സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള തര്‍ക്കം താമരശ്ശേരി രൂപതയെ തിരിഞ്ഞുകൊത്തുന്നു; ഭിന്നിപ്പുണ്ടാക്കുന്നത് ബിഷപ്പെന്ന് വിശ്വാസികള്‍; കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്ക് പരാതി അയച്ചു

കോഴിക്കോട്: തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട് താമരശേരി ബിഷപ്പിനെതിരെ വിസ്വാസികള്‍ രംഗത്ത്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാടില്‍ യുഡിഎഫിനോട് ഇടഞ്ഞ രൂപതയെ എല്‍ഡിഎഫ് മുതലെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുമ്പോഴാണ് രൂപതയ്‌ക്കെതിരെ സഭയ്ക്കകത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നത്. കക്ഷി രാഷ്ട്രീയനിലപാട് സ്വീകരിച്ച് ഇടവകകളിലും രൂപതയിലും ഭിന്നത സൃഷ്ടിക്കുന്ന താമരശ്ശേരി ബിഷപ്പിനെതിരെ കാത്തലിക് ലേമെന്‍സ് അസോസിയേഷ നടപടി ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. ഇടവകയിലും രൂപതയിലും ബിഷപ്പും ചില വൈദികരും ചേര്‍ന്ന് ഭിന്നിപ്പുണ്ടാക്കുകയാണെന്നും ലീഗ് മത്സരിക്കുന്ന തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് രൂപതാ വക്താക്കള്‍ രംഗത്തുവന്നത് വിശ്വാസികള്‍ക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് അസോസിയേഷന്‍ ആരോപിച്ചു. അപക്വമായ നിലപാടുകള്‍ സ്വീകരിച്ച് സഭക്ക് പേരുദോഷം വരുത്തുകയാണ് താമരശ്ശേരി ബിഷപ്പും ചില വൈദികരും ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ആര്‍ച്ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിക്ക് അസോസിയേഷന്‍ പരാതിയും അയച്ചു.

© 2024 Live Kerala News. All Rights Reserved.