കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ സിപിഎം ഒരുങ്ങുന്നു; തിരുവമ്പാടിയില്‍ രൂപത പറയുന്നതിനൊപ്പം നില്‍ക്കും; മലയോര വികസന സമിതിയുമായി ബാന്ധവം

കോഴിക്കോട്: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയത്തില്‍ ഗുണ്ടായിസം നടത്തിയ ഇടവകയിലെ കുഞ്ഞാടുകള്‍ക്കൊപ്പമായിരുന്നു സിപിഎം. ഇപ്പോള്‍ തിരുവമ്പാടി സീറ്റ്
വിഷയത്തിലും താമരശ്ശേരി രൂപതയുടെയും യുഡിഎഫിലെയും പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ പാര്‍ട്ടി തീരുമാനം. തിരുവമ്പാടിയില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന രൂപതയുടെ നിലപാടിനൊപ്പം നിന്ന് മലയോരവികസന സമിതിയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ വ്യക്തമാക്കിക്കഴിഞ്ഞു. തിരുവമ്പാടി സീറ്റില്‍ ലീഗിലും കോണ്‍ഗ്രസിലും ഉണ്ടായിരിക്കുന്ന പൊട്ടിത്തെറികള്‍ മുതലാക്കി താമരശേരി രൂപതയുമായി കൂട്ടുകൂടി മണ്ഡലം പിടിച്ചെടുക്കാം എന്ന ലക്ഷ്യത്തോടെയാണ് സിപിഎം നീക്കം. കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കാമെന്ന കുഞ്ഞാലിക്കുട്ടിയുടെ ഉടമ്പടിക്കത്ത് പുറത്തുവന്നിട്ടും വഴങ്ങാത്ത ലീഗിനെതിരെ തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് താമരശേരി രൂപതയുടെ കീഴിലുളള മലയോര വികസന സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ക്ക് ഭൂരിപക്ഷമുളള എട്ടോളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യവും തങ്ങളുടെ പരിഗണനയിലുണ്ടെന്നും മലയോര വികസനസമിതി നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് സഭയുടെ വ്യക്താക്കളും, സിപിഐഎമ്മും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ തിരുവമ്പാടി സീറ്റില്‍ തങ്ങള്‍ക്ക് കൂടി താത്പര്യമുളള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും, നിലവില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരിക്കുന്ന ഉമ്മറിനെ ഒഴിവാക്കണമെന്നും താമരശേരി രൂപത ആവശ്യപ്പെട്ടിരുന്നു. തിരുവമ്പാടിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യം യുഡിഎഫ് ഇതുവരെ തങ്ങളെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും, അതുകൊണ്ടു തന്നെ തിരുവമ്പാടിയില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകും എന്നാണ് മലയോര വികസന സമിതി ഇന്നലെ വ്യക്തമാക്കിയതും. സിറ്റിങ് എംഎല്‍എ ആയിരുന്ന സി.മോയിന്‍കുട്ടിയെ മാറ്റി വി.എം ഉമ്മറിനെയാണ് മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതി തിരുവമ്പാടി സീറ്റിലേക്ക് തെരഞ്ഞെടുത്തത്. കൊടുവള്ളി മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് ഉമ്മര്‍. അതെസമയം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്നും മുസ്ലിം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയെ മാറ്റിയില്ലെങ്കില്‍ മലയോര വികസന സമിതി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഭീഷണിമുഴക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.