അനിശ്ചിതത്വം നീങ്ങി; വിഎസും പിണറായിയും മത്സരിക്കും; പി ബിയുടെ തീരുമാനം സെക്രട്ടറിയേറ്റ് അംഗീകരിച്ചു; വിഎസ് മലമ്പുഴയില്‍ത്തന്നെയാകും

തിരുവനന്തപുരം:ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വി.എസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. വി.എസും പിണറായിയും മത്സരിക്കണെമെന്ന സി.പി.എം പോളിറ്റ് ബ്യൂറോയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് ഐക്യകണ്‌ഠേനയാണ് അംഗീകരിച്ചത്. പി.ബി നിര്‍ദ്ദേശത്തിന് മുകളില്‍ ചര്‍ച്ചകളൊന്നുമില്ലാതെയാണ് സെക്രട്ടറിയേറ്റ് തീരുമാനം പാസാക്കിയത്.
വി.എസ് മലമ്പുഴയില്‍ത്തന്നെ മത്സരിക്കുമെന്നാണ് വിവരം. എന്നാല്‍ മലമ്പുഴ മണ്ഡലത്തിലെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച സാധ്യത പട്ടികയില്‍ വി.എസ് അച്യുതാനന്ദന്റെ പേരില്ല. വി.എസിന് പകരം ജില്ലാ കമ്മിറ്റി അംഗം എ. പ്രഭാകരന്റെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആദ്യപട്ടികയില്‍ വി.എസിന്റെ പേരുണ്ടായിരുന്നില്ല. അന്നും എ.പ്രഭാകരന്റെ പേരാണ് മലമ്പുഴയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. സി.പി.എം സെക്രട്ടേറിയേറ്റില്‍ നിന്ന് ആറു പേരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. പിണറായി വിജയന്‍ (ധര്‍മടം), തോമസ് ഐസക്ക് (ആലപ്പുഴ), ഇ.പി.ജയരാജന്‍ (മട്ടന്നൂര്‍), എ.കെ. ബാലന്‍ (തരൂര്‍), ടി.പി. രാമകൃഷ്ണന്‍ (പേരാമ്പ്ര), എം.എം. മണി (ഉടുമ്പന്‍ചോല) എന്നിവര്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പട്ടിക അവതരിപ്പിച്ചു. വി.എസിനെ മത്സരിപ്പിക്കണമെന്നാണ് പി.ബി നിര്‍ദ്ദേശമെങ്കിലും താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുഖ്യമന്ത്രിസ്ഥാനമടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കണമെന്ന് വി.എസിന്റെ ആവശ്യത്തോട് പിണറായി പക്ഷത്തിന് എതിര്‍പ്പുണ്ട്. അദ്ദേഹത്തെ ഏത് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആശയക്കുഴപ്പം ഇതുവരെ മാറിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.