ഹാരിസണ്‍ അധികൃതരും സിപിഐ നേതാക്കളും രഹസ്യചര്‍ച്ച നടത്തി; അധികാരത്തില്‍ വന്നാല്‍ വന്‍കിട തോട്ടം ഉടമകള്‍ക്കെതിരെയുള്ള കേസുകള്‍ അട്ടിമറിക്കും?

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് റവന്യുമന്ത്രിയായിരുന്ന സിപിഐയിലെ കെ പി രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് അനധികൃതമായി ഭൂമി കൈവശം വച്ചത് സംബന്ധിച്ചുള്ള ഡി സജിത് ബാബു കമ്മീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചത്. കൂടാതെ ലാന്റ് റവന്യൂ കമ്മിഷണറായിരുന്ന നിവേദിതാ പി.ഹരന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹാരിസണ്‍ ഭൂമി ഇടപാടുകളെപ്പറ്റി നടന്ന അന്വേഷണം പാതിവഴി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത് സി.പി.ഐ നേതാവാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. സമാനമായ നീക്കമാണിപ്പോഴും നടക്കുന്നത്. ഹാരിസണും ടാറ്റായ്ക്കുമെതിരായി ഹൈക്കോടതിയില്‍ നടന്നു വരുന്ന കേസുകള്‍ അട്ടിമറിക്കാന്‍ ഇടതുപക്ഷ നേതാക്കളെ കൂട്ടുപിടിക്കാനുള്ള ശ്രമമാണ് വന്‍കിട തോട്ടം ഉടമകളുടേത്. തെരഞ്ഞെടുപ്പിനുശേഷം ഭരണമാറ്റമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്നാണ് ഈ രഹസ്യനീക്കം. സി.പി.ഐയുടെ ഒരു പ്രമുഖ നേതാവുമായി ഹാരിസണ്‍ അധികൃതര്‍ പലതവണ ചര്‍ച്ച നടത്തിയതായാണ് സൂചന. ചില സി.പി.ഐ എം നേതാക്കളേയും ഇവര്‍ കണ്ടിരുന്നതായി സൂചനയുണ്ട്. ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ നിലവില്‍ റവന്യൂ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഗവണ്‍മെന്റ് പ്ലീഡറെ മാറ്റി പകരം എ.ജി നേരിട്ട് കേസുകള്‍ക്ക് ഹാജരാകണമെന്ന നിര്‍ദേശമാണ് കമ്പിനികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഹാരിസന്റെ മിച്ചഭൂമി കണ്ടെത്താന്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ സര്‍വേ നടന്നെങ്കിലും പിന്നീട് റവന്യൂ വകുപ്പ് തുടര്‍ നടപടികള്‍ മരവിപ്പിക്കുകയായിരുന്നു. നിവേദിതാ പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ നിയമവശങ്ങളെപ്പറ്റി പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് എല്‍. മനോഹരന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളും ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണറായ സജിത്ത് ബാബുവിന്റെ റിപ്പോര്‍ട്ടും മന്ത്രിസഭയ്ക്ക് മുന്നില്‍ വരുന്നത് തടയാനും ഇടപെടലുകളുണ്ടായി. മാസങ്ങള്‍ക്കു മുമ്പ് വിവാദ പട്ടയ ഉത്തരവ് പുറത്തിറക്കി സര്‍ക്കാരിനെ വെട്ടലാക്കിയ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ഹാരിസനുവേണ്ടി രംഗത്തുണ്ട്. ടാറ്റയ്ക്കും ഹാരിസണിനും എതിരെ ഹൈക്കോടതിയില്‍ നടന്നുവരുന്ന കേസുകളില്‍ എ.ജി നേരിട്ടു ഹാജരാകണമെന്ന ശുപാര്‍ശ ഈ ഉദ്യോഗസ്ഥനാണ് മുന്നോട്ടു വച്ചതെന്നറിയുന്നു. അധികാരത്തില്‍ വന്നാല്‍ റവന്യുവകുപ്പ് സിപിഐയ്ക്ക് തന്നെ ലഭിച്ചാല്‍ വന്‍ അട്ടിമറികള്‍തന്നെയാവും ഫലം.

© 2024 Live Kerala News. All Rights Reserved.