കാസര്‍കോട്: അമ്മ ജോലി ചെയ്തിരുന്ന വീട്ടില്‍ ഏഴുവയസ്സുകാരിയെ വേലക്കാരിയാക്കി വീട്ടുടമയുടെ ക്രൂരപീഡനമുറ. കരഞ്ഞുവിളിച്ച പെണ്‍കുട്ടിയുടെ മല മൊട്ടയടിക്കുകയും മര്‍ദ്ധിക്കുകയും ചെയ്തതായി കണ്ടെത്തി. പീഡനം സഹിക്കാനാകാതെ വീടു വിട്ടിറങ്ങിയോടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ വീട്ടുടമസ്ഥനെതിരെ കേസെടുക്കാന്‍ വനിത സിഐ നിര്‍ദേശിച്ചു. കാസര്‍ക്കോട് ജില്ലയിലെ കുമ്പളയ്ക്കടുത്തെ ഒരു വീട്ടിലാണ് സംഭവം. പെരിയയ്ക്കടുത്ത സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അമ്മയാണ് താന്‍ മുന്‍പു ജോലി ചെയ്ത വീട്ടില്‍ നിര്‍ത്തി പോയത്. കഴിഞ്ഞ 20 മുതല്‍ പെണ്‍കുട്ടി കുമ്പളയിലെ വീട്ടിലുണ്ട്. വീട്ടുടമയും അമ്മയുമാണു വീട്ടിലുണ്ടായിരുന്നത്. അമ്മ രണ്ടു ദിവസം മറ്റൊരു ബന്ധുവീട്ടിലേക്കു പോയതോടെ, ഭക്ഷണം പോലും നല്‍കാതെ വീട്ടിലെ ജോലി മുഴുവന്‍ ചെയ്യിപ്പിച്ചെന്നാണു പരാതി. ചെരിപ്പു കൊണ്ടു മുഖത്തും ശരീരമാകെയും അടിച്ചത്രേ. കഴുത്തില്‍ കത്തി ചേര്‍ത്തു കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും തല മൊട്ടയടിക്കുകയും ചെയ്തതായും പറയുന്നു. ഇതേത്തുടര്‍ന്നു 25 നാണ് കുട്ടി വീടുവിട്ടോടിയത്. മുഷിഞ്ഞ വേഷത്തില്‍ കരഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട നാട്ടുകാര്‍ കുമ്പള പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്നു വനിതാ സെല്‍ സിഐ പി.വി. നിര്‍മലയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പീഡനവിവരം പുറത്താവുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പരവനടുക്കത്തെ മഹിളാമന്ദിരത്തിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു. മൂന്നു സഹോദരിമാരുള്ള പെണ്‍കുട്ടിക്കു ഭക്ഷണമെങ്കിലും കിട്ടുമെന്നു കരുതിയാണത്രേ കുമ്പളയിലെ വീട്ടിലാക്കിയത്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു.